ഡൊണാൾഡ് ട്രംപ് പ്രസിഡൻ്റായി ചുമതലയേറ്റ ശേഷം ഏപ്രിലിൽ ഇന്ത്യാ സന്ദർശിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ചുമതലയേറ്റ ശേഷം ആദ്യത്തെ നൂറ് ദിവസത്തെ പരിപാടികളിൽ ഇന്ത്യാ സന്ദർനം ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് വിവരം. ഇന്ത്യാ സന്ദർശനത്തിന് മുമ്പ് ചൈന സന്ദർശിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് സംബന്ധിച്ച് തൻ്റെ ഉപദേശകരുമായി ചർച്ച നടത്തിയതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
വൈറ്റ് ഹൗസിലെ ഒരു കൂടികാഴ്ചയ്ക്കായി പ്രധാനമന്ത്രി മോദിയെ യുഎസിലേക്ക് ക്ഷണിക്കുന്നത് പരിഗണനയിലുണ്ട്. ജപ്പാൻ, ഇന്ത്യ, യുഎസ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ നേതാക്കൾ ഒത്തുചേരുന്ന ക്വാഡ് ഉച്ചകോടി നടത്താൻ ഇന്ത്യ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ മോദി-ട്രംപ് കൂടികാഴ്ചയ്ക്ക് വളരെ പ്രാധാന്യമുണ്ട്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കഴിഞ്ഞ മാസം വാഷിംഗ്ടൺ ഡിസി സന്ദർശിച്ചപ്പോൾ മോദി-ട്രംപ് കൂടികാഴ്ചയുടെ ഒരു പ്രാഥമിക തലത്തിലുള്ള ചർച്ചകൾ ആരംഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം ട്രംപ് ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായി സംസാരിച്ചിരുന്നു. ട്രംപിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ വൈസ് പ്രസിഡൻ്റ് ഹാൻ ഷെങ്ങിനെ ഷി നിയോഗിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഒരു മുതിർന്ന ചൈനീസ് ഉദ്യോഗസ്ഥൻ യുഎസ് പ്രസിഡൻ്റിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്. തൻ്റെ സ്ഥാനാരോഹണത്തിന് ഷിയെ ട്രംപ് നേരത്തെ ക്ഷണിച്ചു. എന്നാൽ, ചൈനീസ് നേതാവ് ഒരിക്കലും വിദേശ നേതാക്കളുടെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാറില്ല. കുത്തനെയുള്ള താരിഫുകൾ ചുമത്തുമെന്ന നിയുക്ത പ്രസിഡൻ്റിൻ്റെ ഭീഷണിയിൽ വഷളായ ഷി ജിൻപിങ്ങുമായുള്ള ബന്ധം കൂടുതൽ മികച്ചതാക്കാൻ ശ്രമിക്കുന്നതിനാൽ, താൻ അധികാരമേറ്റതിന് ശേഷം ചൈനയിലേക്ക് പോകാൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് ഉപദേശകരോട് പറഞ്ഞതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
