തിരുവനന്തപുരം: ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാനത്തെവിടെയും ഇനി ഓടാന്‍ കഴിയും. കേരളം മുഴുവൻ ഇനി മുതൽ ഓട്ടോറിക്ഷകള്‍ക്ക് സർവീസ് നടത്താനായി പെർമിറ്റ് അനുവദിക്കും. അപകട നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകള്‍ തള്ളിയാണ് സിഐടിയുവിന്‍റെ ആവശ്യപ്രകാരം സംസ്ഥാന ട്രാൻസ്ഫോർട്ട് അതോറിറ്റിയുടെ സുപ്രധാന തീരുമാനം.
ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെർമിറ്റ് നല്‍കിയിരുന്നത്. ഓട്ടോകള്‍ക്ക് ദീർഘദൂര സർവീസ് നടത്തുന്നതിലെ അപകട സാധ്യത കണക്കിലെടുത്താണ് പെർമിറ്റ് നിയന്ത്രിയിച്ചത്.
ഓട്ടോറിക്ഷ മേഖലയിലെ അപേക്ഷ പരിഗണിച്ചാണ് എസ്.ടി.എ യോഗ അജണ്ടയില്‍ വിഷയം ഉള്‍പ്പെടുത്തിയത്. മോട്ടോർ വാഹനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നിരവധി പ്രാവശ്യം ഇക്കാര്യം ചർച്ച ചെയ്തു. ദീർഘദൂര പെർമിറ്റുകള്‍ അനുവദിച്ചാൽ അപകടം കൂടുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിർദ്ദേശം. ദീർഘദൂര യാത്രക്ക് ഡിസൈൻ ചെയ്തിട്ടുള്ള വാഹനമല്ല ഓട്ടോ റിക്ഷ, സീൽറ്റ് ബെൽറ്റ് ഉള്‍പ്പെടെ ഇല്ല, മാത്രമല്ല അതിവേഗ പാതകള്‍ സംസ്ഥാനത്ത് വരുകയാണ്. റോഡുകളിൽ ഓട്ടോക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം 50 കിലോമീറ്ററാണ്. ഇപ്പോഴുള്ള ഓട്ടോകളെല്ലാം അത്യാധുനിക സംവിധാനങ്ങളുള്ളതാണെന്നും ഈ സാഹചര്യത്തില്‍ പെര്‍മിറ്റ് സംസ്ഥാന അടിസ്ഥാനത്തിലാക്കണമെന്നുമായിരുന്നു തൊഴിലാളികളുടെ ആവശ്യം.
അതിവേഗപാതകളിൽ പുതിയ വാഹനങ്ങള്‍ പായുമ്പോള്‍ ഓട്ടോകള്‍ ദീർഘദൂര സർവീസ് നടത്തുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും ഉദ്യോഗസ്ഥ തല യോഗം വിലയിരുത്തി. അതോറ്റി യോഗത്തിലെ ചർച്ചയിൽ പങ്കെടുത്തവരും അപകട സാധ്യത ചൂണ്ടികാട്ടി. പക്ഷെ ഇതെല്ലാം തള്ളിയാണ് അതോറിറ്റി തീരുമാനമെടുത്ത്. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാപ്പിക്കുന്നതിന്റെ പേരില്‍ ഇ-ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് ഒഴിവാക്കിയിരുന്നു. പക്ഷേ, ഇവര്‍ക്കും ജില്ലകളില്‍ മാത്രമാണ് ഓടാന്‍ അനുമതി ഉണ്ടായിരുന്നത്. ഔദ്യോഗിക അജണ്ടയായാണ് വിഷയം എസ്. ടി.എ യോഗത്തിലെത്തിയത്. അതു കൊണ്ട് മറ്റ് എതിര്‍പ്പുകളില്ലെങ്കില്‍ പാസാക്കാന്‍ അവര്‍ക്കായി. അങ്ങനെ കേരളത്തിലെ വാഹന മേഖലയിലെ അതിസുപ്രധാന തീരുമാനം എത്തുകയാണ്.

