ആയിരത്തോളം ചിത്രങ്ങളിലൂടെ അഭ്രപാളികളിൽ വിസ്മയം തീർത്ത പ്രിയപ്പെട്ട നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. 80വയസായിരുന്നു. ഇന്ന് വൈകിട്ടാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം ഇന്ന് ആശുപത്രിയിൽ സൂക്ഷിക്കും. നാളെ കളമശേരി മുൻസിപ്പൽ ഹാളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം ആലുവ കരുമാലൂരിൽ സംസ്കരിക്കും.
ഗായികയായി കലാ രംഗത്തേക്ക് കടന്നുവന്ന കവിയൂര്‍ പൊന്നമ്മ നാടകങ്ങളിലൂടെയാണ് അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. കെപിഎസി നാടകങ്ങളില്‍ അഭിനയിച്ചായിരുന്നു തുടക്കം. 1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 1964ല്‍ കുടുംബിനി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിരുന്നു. നിരവധി സിനിമകളില്‍ ഗായികയായും തിളങ്ങിയിരുന്നു. നാല് തലമുറയിലെ നായക നടന്മാരുടെ അമ്മ വേഷത്തിലെത്തിയെന്ന പ്രത്യേകതയും കവിയൂര്‍ പൊന്നമ്മയ്ക്കുണ്ട്.
തിരുവല്ലക്കടുത്ത് കവിയൂരിൽ ടി.പി ദാമോദരന്റെയും ഗൗരിയുടെയും മൂത്തമകളായാണ് ജനിച്ചത്. നടി കവിയൂർ രേണുക ഉൾപെടെ ആറ് സഹോദരങ്ങളുണ്ട്. ബാല്യത്തിൽ തന്നെ പാട്ടുപാടി അരങ്ങിലെത്തി. തോപ്പില്‍ ഭാസിയുടെ മൂലധനം എന്ന നാടകത്തിലൂടെ ആയിരുന്നു കവിയൂര്‍ പൊന്നമ്മ അഭിനയ ലോകത്തേക്ക് കടന്നുവന്നത്. അമ്മ വേഷങ്ങള്‍ക്ക് പുറമേ നെഗറ്റീവ് റോളുകളിലൂടെയും കവിയൂര്‍ പൊന്നമ്മ പ്രേക്ഷകരെ അതിശയിപ്പിച്ചുണ്ട്. മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരം നാല് തവണ നേടിയിട്ടുണ്ട്.
