)
ഐടി സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ജോലി സമയം 14 മണിക്കൂറായി നീട്ടാൻ കർണാടകത്തിൽ നീക്കം . കർണാടക ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ഭേദഗതിചെയ്ത് ഇത് നടപ്പാക്കാനാണ് ആലോചന. നിലവിൽ ഒൻപത് മണിക്കൂർ ജോലിയും പരമാവധി ഒരു മണിക്കൂർ ഓവർടൈമും ഉൾപ്പെടെ പത്തുമണിക്കൂർവരെയാണ് ജോലിസമയം.
കഴിഞ്ഞദിവസം തൊഴിൽവകുപ്പ് വിളിച്ചുചേർത്ത ഐ.ടി. കമ്പനികളുടെയും ജീവനക്കാരുടെയും പ്രതിനിധികളുടെയും ഉന്നതോദ്യോഗസ്ഥരുടെയും യോഗം ഇക്കാര്യം ചർച്ചചെയ്തു. പുതിയബില്ലിൽ സാധാരണ ജോലിസമയം 12 മണിക്കൂറാക്കി ഉയർത്താനാണ് നിർദേശം.ജീവനക്കാരുടെ സംഘടനാപ്രതിനിധികൾ എതിർപ്പുയർത്തിയതോടെ കൂടുതൽ ചർച്ചനടത്തുമെന്ന് തൊഴിൽവകുപ്പ് മന്ത്രി സന്തോഷ് എസ്. ലാഡ് വ്യക്തമാക്കി.
ആരോഗ്യപ്രശ്നങ്ങളും പിരിച്ചുവിടൽ ആശങ്കകളും ചൂണ്ടിക്കാട്ടി ഈ നീക്കത്തിൽ ജീവനക്കാർ കടുത്ത എതിർപ്പാണ് പ്രകടിപ്പിക്കുന്നത് .
പരസ്യം ചെയ്യൽ
നിലവിൽ നിയമപ്രകാരം മൂന്നുമാസത്തിനുള്ളിൽ ആകെ 50 മണിക്കൂർ മാത്രമേ ഓവർടൈമായി ജോലിചെയ്യിക്കാനാകൂ. പുതിയ ബില്ലിൽ ഇത് 125 മണിക്കൂറാക്കാൻ ഉദ്ദേശിക്കുന്നു . ദിവസം രണ്ടുമണിക്കൂർ ഓവർടൈം ഇതുവഴി ലഭിക്കും. നിലവിൽ മൂന്നു ഷിഫ്റ്റുകളായാണ് പല ഐ.ടി. കമ്പനികളും പ്രവർത്തിക്കുന്നത്. പുതിയ ബിൽ നടപ്പായാൽ രണ്ട് ഷിഫ്റ്റുകളിലേക്ക് മാറാനാകും. മൂന്നിലൊന്ന് ജീവനക്കാരെ ഒഴിവാക്കാനും ഇത് വഴിതെളിക്കുമെന്ന് ജീവനക്കാർ പറയുന്നു. ഐ.ടി.കമ്പനി ഉടമകളെ തൃപ്തിപ്പെടുത്താനുള്ള നീക്കമാണിതെന്നും ജീവനക്കാർ പ്രതികരിച്ചു .
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
