പതിനായിരങ്ങളുടെ ജീവനെടുത്ത യുദ്ധത്തിന് അന്ത്യം കുറിച്ച് ഗാസ വെടിനിർത്തൽ പ്രാബല്യത്തിൽവന്നു. ഇന്ത്യന്‍ സമയം 2.45 നാണ് സമാധാന കരാർ പ്രാബല്യത്തില്‍ വന്നത്. ഇന്നു മോചിപ്പിക്കുന്ന മൂന്നു ബന്ദികളുടെ വിവരങ്ങൾ ഹമാസ് ഇസ്രയേലിന് കൈമാറി. മോചിപ്പിക്കേണ്ട ബന്ദികളുടെ പട്ടിക ലഭിച്ചതായി ഇസ്രായേൽ സ്ഥിരീകരിച്ചു. 3 വനിതകളുടെ പേരുകളാണ് ഹമാസ് ഇപ്പോൾ കൈമാറിയിരിക്കുന്നത്. ബന്ദികളാക്കിയ റോമി ഗോണൻ, എമിലി ദമാരി, ഡോറൺ സ്റ്റെയിൻബ്രച്ചർ എന്നിവരെ ഇന്ന് വിട്ടയക്കുമെന്ന് ഹമാസ് പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു. കരാറിന്റെ ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 33 ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയില്ലെന്ന് ആരോപിച്ച് ഇസ്രയേൽ അപ്രതീക്ഷിതമായി രാവിലെ പിന്മാറിയിരുന്നു.
ആദ്യഘട്ടത്തില്‍ മോചിപ്പിക്കുന്ന 737 പലസ്തീന്‍ തടവുകാരുടെ വിശദാംശങ്ങള്‍ ഇസ്രയേല്‍ നേരത്തെ പുറത്തുവിട്ടിരുന്നു. തടവുകാരുടെ ആദ്യസംഘത്തില്‍ 95 പേരുണ്ടാകും. ഇവരെ ഞായറാഴ്ച വൈകിട്ട് നാലിനുശേഷമേ കൈമാറൂവെന്ന് ഇസ്രയേല്‍ അറിയിച്ചിരുന്നു. ഇന്നലെ ഇസ്രയേൽ സമ്പൂർണ കാബിനറ്റും വെടിനിർത്തൽ കരാറിന് അംഗീകാരം നൽകിയിരുന്നു. 42 ദിവസം നീളുന്ന ആദ്യഘട്ട വെടിനിര്‍ത്തലിനിടെ 33 ബന്ദികളെ ഹമാസ് ഘട്ടംഘട്ടമായി മോചിപ്പിക്കുമെന്നായിരുന്നു ധാരണ. ഗാസയിലുള്ള ഇസ്രയേൽ സൈനികർ അതിർത്തിയോടു ചേർന്ന ബഫർ സോണിലേക്കു പിൻവാങ്ങുന്നതോടെ, നേരത്തേ പലായനം ചെയ്ത പലസ്തീൻകാർക്കു മടങ്ങിപ്പോകാനാകും.
ജനവാസമേഖലകളില്‍നിന്നുള്ള സൈന്യത്തിന്റെ പിന്മാറ്റവും ആദ്യഘട്ടത്തിലുണ്ടാകും. ആദ്യഘട്ടവെടിനിര്‍ത്തലിന്റെ 16-ാം ദിനം രണ്ടും മൂന്നും ഘട്ടങ്ങള്‍ എങ്ങനെയാകണമെന്നതി നെക്കുറിച്ച് ചര്‍ച്ചതുടങ്ങും. ഖത്തര്‍, യു.എസ്., ഈജിപ്ത് എന്നീ മധ്യസ്ഥരാജ്യങ്ങളുടെ എട്ടുമാസത്തെ ശ്രമഫലമായുണ്ടായ വെടിനിര്‍ത്തല്‍ക്കരാറിന് വെള്ളിയാഴ്ച രാത്രി വൈകിയാണ് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത്. ബന്ദികളുടെ മോചനം വ്യവസ്ഥ പ്രകാരം നടക്കണമെന്നും അതിൽ വീഴ്ച വന്നാൽ സ്ഥിതി രൂക്ഷമാകുമെന്നും നിയുക്ത യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട് ഇസ്രായേലിനുള്ളിലെ ഭിന്നതയും കൂടുതൽ ശക്തമായി. ഹമാസിന് ഗുണം ചെയ്യുന്നതാണ് കരാറെന്ന് കുറ്റപ്പെടുത്തി മന്ത്രി ബെൻഗ്വിറിന്‍റെ ജൂത പവർ പാർട്ടി സർക്കാറിൽ നിന്ന് രാജി വെക്കും.
