ചേർത്തല കൊലപാതകം; നവജാത ശിശുവിന്‍റെ മൃതദേഹം ഒളിപ്പിച്ചത് അമ്മയുടെ ആൺസുഹൃത്തിന്‍റെ വീട്ടിൽ

Theheadlinesmalayalam

ആലപ്പുഴ: ചേര്‍ത്തലയില്‍ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പൊലീസ്. കുഞ്ഞിന്‍റെ മൃതദേഹം യുവതിയുടെ ആണ്‍ സുഹൃത്തിന്‍റെ വീട്ടിലെ ശുചിമുറിയിൽ നിന്നും പൊലീസ് കണ്ടെത്തി. ശുചിമുറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. കുഞ്ഞിനെ ആദ്യം കൊലപ്പെടുത്തിയശേഷം കുഴിച്ചിടുകയായിരുന്നു. പിടിക്കപ്പെടുമെന്ന് മനസിലായതോടെയാണ് പുറത്തെടുത്ത് ശുചിമുറിയിൽ ഒളിപ്പിച്ചത്. തുടര്‍ന്ന് മറ്റൊരിടത്തേക്ക് മാറ്റാനോ കത്തിച്ചു കളയാനോ ആയിരുന്നു നീക്കമെന്നും പൊലീസ് പറഞ്ഞു. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

വായും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് രതീഷ് പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ യുവതി പ്രസവിച്ചത്. യുവതിയുടെ വീട്ടില്‍ ആശാ വര്‍ക്കര്‍ എത്തുകയും തുടര്‍ന്ന് കുഞ്ഞിനെ അന്വേഷിച്ചപ്പോള്‍ തൃപ്പൂണിത്തുറയിലുള്ള മറ്റൊരാള്‍ക്ക് കുഞ്ഞിനെ വിറ്റെന്ന് യുവതി പറയുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. പിന്നീട് ആശുപത്രിയില്‍ നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ അഡ്മിഷന്‍ വിവരങ്ങള്‍ ലഭിക്കുകയും കുഞ്ഞിനെ പ്രസവിച്ചിട്ടുണ്ടെന്നും പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. ഡിസ്ചാര്‍ജായി പോകുന്ന സമയത്ത് യുവതിയുടെ കൂടെ ഉണ്ടായിരുന്നത് ഭര്‍ത്താവല്ലെന്നും മറ്റൊരു യുവാവാണെന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു. രതീഷിൻ്റെ വീട്ടിൽ കുഞ്ഞിനെ കുഴിച്ചു മൂടിയെന്നാണ് മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയതും തുടര്‍ന്ന് ശുചിമുറിയിൽ നിന്നും കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയതും.

 

Share This Article
Leave a comment