സ്‌കൂളുകൾക്കും കോളേജുകൾക്കും വിമാനങ്ങൾക്കും പിന്നാലെ ട്രെയിനുകളിലും ബോംബ് ഭീഷണി. ചൊവ്വാഴ്ച മുംബൈയിലേക്കുള്ള രണ്ട് എക്‌സ്‌പ്രസ് ട്രെയിനുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ട്രെയിനിൽ വിശദമായ പരിശോധനയ്ക്കായി ഉത്തർപ്രദേശിലെ രണ്ട് വ്യത്യസ്ത സ്റ്റേഷനുകളിൽ നിർത്തി. ബല്ലിയയിൽ നിന്ന് മുംബൈയിലെ ലോകമാന്യ തിലക് ടെർമിനസിലേക്ക് പോകുന്ന കാമയാനി എക്‌സ്‌പ്രസിനും ഗോരഖ്പൂരിൽ നിന്ന് മുംബൈയിലേക്ക് പോകുന്ന ദാദർ എക്‌സ്‌പ്രസിനും രാവിലെ 10:30 ഓടെ സോഷ്യൽ മീഡിയ വഴി ബോംബ് ഭീഷണി ലഭിച്ചിരുന്നു.
കാമയാനി എക്സ്പ്രസ് ബല്ലിയ റെയിൽവേ സ്റ്റേഷനിൽ നിർത്തി പരിശോധിച്ചു. ദാദർ എക്സ്പ്രസ് സുരക്ഷാ പരിശോധനകൾക്കായി ഔധിഹാർ റെയിൽവേ സ്റ്റേഷനിൽ നിർത്തി. ജില്ലാ ഭരണകൂടം, ജിആർപി, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) എന്നിവ ഉൾപ്പെടുന്ന സംയുക്ത ഓപ്പറേഷൻ, ബല്ലിയ റെയിൽവേ സ്റ്റേഷനിൽ ഡോഗ് സ്ക്വാഡ് വിന്യസിച്ചിരുന്നു. രണ്ട് ട്രെയിനുകളിലും വൻ സുരക്ഷാ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല.
അതേസമയം മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ലോക്കൽ ട്രെയിനിൻ്റെ വനിതാ കമ്പാർട്ടുമെൻ്റിനുള്ളിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത് പരിഭ്രാന്തിക്ക് ഇടയാക്കി. തിങ്കളാഴ്ച രാത്രി 8.12ന് സിഎസ്എംടി-കല്യൺ സബർബൻ ട്രെയിനിൽ കൽവ സ്റ്റേഷനിലാണ് സംഭവം. എന്നിരുന്നാലും, ആർക്കും പരിക്കേറ്റിട്ടില്ലെന്ന് താനെ മുനിസിപ്പൽ കോർപ്പറേഷൻ്റെ ദുരന്തനിവാരണ സെൽ മേധാവി യാസിൻ തദ്വി സ്ഥിരീകരിച്ചു. “ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (സിഎസ്എംടി) റെയിൽവേ കൺട്രോൾ റൂമിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. എന്നിരുന്നാലും, ഇത് യാത്രക്കാർക്കിടയിൽ പരിഭ്രാന്തിക്ക് കാരണമായി,” അദ്ദേഹം പറഞ്ഞു.
ട്രെയിനുകൾക്ക് വ്യാജ ബോംബ് ഭീഷണി
