കോഴിക്കോട്: തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 2 ആയി.3 പേരുടെ നില ഗുരുതരമായി തുടരുകയാണ്. നിയന്ത്രണം വിട്ട ബസ് കലുങ്കിലിടിച്ച് കാളിയാംപുഴയിലേക്ക് മറിയുകയായിരുന്നു . ബസ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്താനുള്ള ശ്രമം തുടരുന്നു. 45 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. കാളിയാംപുഴയില്‍ തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. സംഭവത്തില്‍ അടിയന്തരമായി അന്വേഷണ റിപ്പോര്‍ട്ട് നല്കാന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍ദേശം നല്കി.
മരിച്ച രണ്ടുപേരും സ്ത്രീകളാണെന്നാണ് വിവരം. 25 പേര്‍ക്കാണ് ആകെ പരുക്കേറ്റിരിക്കുന്നത്. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. 22 പേരെ മുക്കത്തെ മൂന്ന് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പുല്ലൂരാം പാറയില്‍ ആണം അപകടം ഉണ്ടായത്. പാലത്തിന്റെ കൈവരി തകര്‍ത്ത് ബസ് പുഴയിലേക്ക് മറിയുകയായിരുന്നു. ബസ്സില്‍ കുടുങ്ങി കിടന്നവരെ മുഴുവന്‍ പുറത്ത് എത്തിച്ചു.
നിലവിൽ തിരുവമ്പാടി ലിസ ആശുപത്രിയിൽ 15പേരാണ് ചികിത്സയിലുള്ളത്. 15 പേരുടെയും നില തൃപ്തികരമാണ്. കെഎംസിടി മെഡിക്കൽ കോളേജിൽ പരിക്കേറ്റ രണ്ടു പേരെ എത്തിച്ചിട്ടുണ്ട്. ശ്രീധരൻ, ഏലിയമ്മ എന്നിവരാണ് കെഎംസിടിയിൽ ചികിത്സയിലുള്ളത്. ഗുരുതരാവസ്ഥയിലുള്ള മൂന്നു പേരെ മെഡി.കോളജിലേക്ക് മാറ്റിയെന്ന് ആശുപത്രി അധികൃത൪ അറിയിച്ചു.
