കൽപ്പറ്റ : ദുരന്തഭൂമിയിൽ നിന്നും നാലാം നാൾ ആശ്വാസ വാർത്ത. സൈന്യത്തിന്റെ തിരച്ചിലിൽ നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തി. പകുതി തകർന്ന വീട്ടിൽ ഒറ്റപ്പെട്ട് പോയ രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പടവെട്ടിക്കുന്ന് എന്ന സ്ഥലത്തുനിന്നും കണ്ടെത്തിയത്. കാഞ്ഞിരക്കത്തോട്ട് കുടുംബത്തിലെ ജോണി, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയത് . ഇവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. സംഘത്തിലെ സ്ത്രീയുടെ കാലിന് പരിക്കേറ്റ നിലയിലാണെന്നും സൈന്യം അറിയിച്ചു. ഉരുൾപ്പൊട്ടലിൽ പകുതി തകർന്ന് പോയ വീട്ടിൽ നാല് ദിവസമായി പുറത്തിറങ്ങാനാകാതെ കുടുങ്ങിക്കിടക്കുകയായിരുന്നു കുടുംബം.
നാലാം ദിവസമായ ഇന്ന് മുണ്ടക്കൈ, ചൂരൽമല മേഖലയിൽ 40 ടീമുകൾ തെരച്ചിൽ മേഖല 6 സോണുകളായി തിരിച്ചാണ് തെരച്ചിൽ പ്രവർത്തനങ്ങൾ നടത്തുന്നത്. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ ഈ ടീമിന്റെ തെരച്ചിലിലാണ് നാല് പേരെയും കണ്ടെത്തിയത്. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്. സൈന്യം, എൻഡിആർഎഫ്, ഡി എസ്ജി, കോസ്റ്റ് ഗാർഡ്, നേവി, എംഇജി ഉൾപ്പെടെയുള്ള സംയുക്ത സംഘമാണ് തെരച്ചിൽ നടത്തുന്നത്.
അതേസമയം നിലവിൽ മുണ്ടക്കൈ മേഖലയിൽ സജീവ മനുഷ്യസാന്നിധ്യം നന്നേ കുറവെന്ന് കണ്ടെത്തല്‍. മുണ്ടക്കൈ,പുഞ്ചിരിമട്ടം എന്നിവടങ്ങളില്‍ തെർമല്‍ ഇമേജിംഗ് പരിശോധനയിലൂടെയാണ് മനുഷ്യസാന്നിധ്യം നന്നേ കുറവെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ദുരന്തബാധിത പ്രദേശത്ത് നിന്നും ജീവനുള്ള എല്ലാവരേയും രക്ഷിച്ചെന്ന സൈന്യത്തിന്റേയും സർക്കാരിന്റെയും പ്രതികരണം ശരിവയ്ക്കും തരത്തിലുള്ളതാണ് തെർമല്‍ ഇമേജിംഗ് പരിശോധനയിലെ ഫലം.
