നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം അനുവദിച്ചതിനെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തു. പൾസർ സുനിക്ക് ജാമ്യം നൽകുന്നത് ഉചിതമല്ലെന്ന് കേരളം കോടതിയിൽ പറഞ്ഞു. നേരത്തെ, പൾസർ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് സ്വഭാവികമായ നീതി നിഷേധമാണ് തനിക്ക് ലഭിക്കുന്നതെന്ന് പൾസർ സുനി കോടതിയിൽ പറഞ്ഞു.
കേസിൽ നീതിപൂർവ്വമായ വിചാരണ നടക്കുന്നില്ലെന്നും ദീലീപിന്റെ അഭിഭാഷകനാണ് വിചാരണ നീട്ടിക്കൊണ്ടു പോകുന്നതെന്നും പൾസർ സുനി കോടതിയിൽ വാദിച്ചു. ആവർത്തിച്ച് ജാമ്യാപേക്ഷ നൽകിയതിന് ആയിരുന്നു സുനിക്ക് ഹൈക്കോടതി പിഴ വിധിച്ചിരുന്നത്. ആവർത്തിച്ച് ജാമ്യാപേക്ഷ നൽകിയതിന് 25000 രൂപ ആയിരുന്നു ഹൈക്കോടതി സുനിക്ക് പിഴ വിധിച്ചിരുന്നത്.
സംസ്ഥാനത്തിന്റെ ശക്തമായ എതിർപ്പ് മറികടന്നാണ് ജാമ്യം നൽകാനുള്ള തീരുമാനം. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം ലഭിക്കുന്നത്. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ 2017- ഫെബ്രുവരി 23 മുതൽ പൾസർ സുനി ജയിലിലാണ്.
