പത്തനംതിട്ട: നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിൽ പ്രതികളായ മൂന്ന് സഹപാഠികളെ കോടതി റിമാന്‍ഡ് ചെയ്തു. പ്രതികളുടെ മൊബൈല്‍ ഫോണിൽ തെളിവുകളുണ്ടെന്നും ജാമ്യം നൽകിയാൽ അത് നശിപ്പിക്കപ്പെടുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ വാദിച്ചു. 4 തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം പൊലീസ് ചുമത്തിയിരിക്കുന്നത്. സഹപാഠികൾ മാനസികമായി പീഡിപ്പിച്ചെന്ന പിതാവിന്റെ പരാതി മുഖ്യ തെളിവായി. കോളജ് നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോർട്ടും, അമ്മുവിന്റെ ഫോണിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളും പ്രതികൾക്കെതിരായി. ഇതോടെയാണ് പ്രതികളുടെ അറസ്റ്റിലേക്ക് പൊലീസ് കടന്നത്.
കോളേജിൽ നിന്ന് കാണാതായെന്ന് പറയുന്ന പ്രതികളില്‍ ഒരാളായ വിദ്യാര്‍ത്ഥിനിയുടെ ലോഗ് ബുക്ക് കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. ഈ സാഹചര്യത്തിൽ പ്രതികളെ കസ്റ്റഡിയിൽ വേണമെന്നും പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ, ഇനി പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുക്കേണ്ട ആവശ്യമില്ലെന്നും ഇടക്കാല ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. തുടര്‍ന്നാണ് കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തുകൊണ്ട് കോടതി ഉത്തരവിട്ടത്.
അതേസമയം, പ്രതികൾക്കെതിരെ എസ് സി എസ് ടി പീഡനനിരോധന നിയമം ചുമത്തിയേക്കും. ഇതിനുള്ള സാധ്യത പൊലീസ് പരിശോധിക്കുകയാണ്.പിതാവിന്റെ മൊഴിയും മുൻപ് കോളജിൽ നൽകിയ പരാതിയും കണക്കിലെടുത്താണ് തീരുമാനം. കുടുംബം ഉന്നയിക്കുന്ന ചികിത്സാ പിഴവടക്കമുള്ള ആരോപണങ്ങളിൽ ആരോഗ്യവകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ചുട്ടിപ്പാറ എസ്.എം.ഇ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിനി അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണു മരിക്കുന്നത്.
