ഷിരൂരിൽ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനായി ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന തിരച്ചില്‍ അവസാനിപ്പിച്ചു. നാളെ വീണ്ടും തിരച്ചില്‍ പുനരാരംഭിക്കും. അര്‍ജുൻ ഓടിച്ചിരുന്ന ലോറി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ആത്മവിശ്വാസമുണ്ടെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു. പുഴയിയുടെ അടിയില്‍ എല്ലാം വ്യക്തമായി കാണാനാകുന്നുണ്ടെന്നും വെയിലുള്ള സമയത്ത് രാവിലെ തന്നെ ഇറങ്ങാനായാല്‍ കൂടുതല്‍ ഇടങ്ങളിൽ പരിശോധന നടത്താനാകുമെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു.
ഇന്ന് വൈകിട്ട് രണ്ടു മണിക്കൂറോളമാണ് തെരച്ചില്‍ നടത്തിയത്. നാളെ കൂടുതല്‍ ആളുകളെ എത്തിച്ച് വിപുലമായ തെരച്ചിലായിരിക്കും നടത്തുക. നാളെ നല്ല വെയിലുള്ള സമയത്ത് തിരച്ചില്‍ നടത്തിയാല്‍ കൂടതല്‍ ഗുണകരമാകുമെന്നും മല്‍പെ പറഞ്ഞു.
ലോറി കണ്ടെത്താനാകുമെന്ന പ്രതീക്ഷയുണ്ടെന്നും പുഴയുടെ അടിയൊഴുക്ക് കുറഞ്ഞിട്ടുണ്ടെന്നും മുങ്ങിതാഴുമ്പോള്‍ അടിഭാഗം കാണാനാകുന്നുണ്ടെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു. അര്‍ജുൻ ഓടിച്ചിരുന്ന ലോറിയുടെ ജാക്കി കണ്ടെത്തിയത് പ്രതീക്ഷ നല്‍കുന്നതാണെന്നും ലോറി പുഴയില്‍ തന്നെയുണ്ടാകാമെന്നതിനൊരു തെളിവ് ലഭിച്ചത് പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്നും ലോറി ഉടമ മനാഫും അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിനും പറഞ്ഞു.
വൈകിട്ട് നാലേ കാലോടെയാണ് ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങിയുള്ള തെരച്ചില്‍ ആരംഭിച്ചത്. നിരവധി തവണയാണ് പുഴയിലിറങ്ങിയുള്ള പരിശോധന നടത്തിയത്. ലോറിയുടെ പിന്‍ഭാഗത്ത് ടൂള്‍സ് ബോക്സിലാണ് ജാക്കി സൂക്ഷിച്ചിരുന്നതെന്നും പുതിയ ജാക്കി തന്നെയാണ് കണ്ടെത്തിയതെന്നും അര്‍ജുൻ ഓടിച്ചിരുന്ന ഭാരത് ബെന്‍സ് ലോറിയിലുണ്ടായിരുന്നതാണ് ഇതെന്നും ഇക്കാര്യത്തില്‍ യാതൊരു സംശയവും ഇല്ലെന്നും മനാഫ് പറഞ്ഞു. മനാഫും അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിനും സ്ഥലത്തുണ്ട്.
