ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി. മരിച്ചവരിൽ അഞ്ചു പേര്‍ കുട്ടികളാണ്. പരിക്കേറ്റ് ലേഡി ഹാര്‍ഡിങ് ആശുപത്രിയിൽ എത്തിച്ച മൂന്നു പേരാണ് മരിച്ചത്. കുംഭമേളയ്ക്കായി എത്തിയവരുടെ അനിയന്ത്രിത തിരക്കിനിടെയാണ് അപകടം. തിക്കിലും തിരക്കിലും പെട്ട് അമ്പതിലതികം പേർക്ക് പരിക്കേറ്റു. പ്ലാറ്റ്ഫോം മാറ്റി ട്രെയിൻ നിർത്തിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പ്രയാഗ്രാജ് എക്സ്പ്രസിൽ പോകാനായി ആയിരങ്ങളാണ് ഇന്നലെ രാത്രി സ്റ്റേഷനിലെത്തിയത്.
പ്ലാറ്റ്ഫോം 14 ൽ നിന്നായിരുന്നു ഈ ട്രെയിൻ പോകേണ്ടിയിരുന്നത്. എന്നാൽ 12, 13 പ്ലാറ്റ്ഫോമുകളിൽ എത്തേണ്ടിയിരുന്ന സ്വതന്ത്ര സേനാനി, ഭുവനേശ്വർ രാജഥാനി എക്സ്പ്രസുകൾ വൈകിയതോടെ മൂന്നു പ്ലാറ്റ്ഫോമുകളിലും വലിയ ജനക്കൂട്ടം ഉണ്ടായി. തുടർന്നാണ് തിക്കും തിരക്കും ഉണ്ടായത്. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ സ്റ്റേഷനിൽ വിന്യസിച്ചിട്ടുണ്ടെന്നും സ്റ്റേഷനിൽ തീർഥാടകരുടെ തിരക്ക് കുറയ്ക്കാൻ പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്നും റെയിൽവേ മന്ത്രി പറഞ്ഞു.
അപകടത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരുടെയും കൂടെയാണ് തൻ്റെ ചിന്തകൾ. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചത്. കേന്ദ്ര റെയിൽവേ മന്ത്രാലയം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ഇന്നലെ രാത്രി 10 മണിയോടെയാണ് രാജ്യത്തെ ഞെട്ടിച്ച അപകടം ഉണ്ടായത്. നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ഗവർണർ അറിയിച്ചു. പരിക്കേറ്റവരെ ഡല്‍ഹിയിലെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
