ടെല്‍ അവീവ്: ഇസ്രായേലിനെതിരെ ഇറാൻ തൊടുത്ത് വിട്ടത് 180ലധികം ഹൈപ്പര്‍സോണിക് മിസൈലുകള്‍. മിസൈല്‍ ആക്രമണം അപ്രതീക്ഷതിമാണെന്നും എല്ലാവരും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിയെന്നും ഇസ്രായേലിലെ മലയാളികള്‍ പറഞ്ഞു. ഇറാന്‍റെ ആക്രമണത്തിന് പിന്നാലെ ഇറാന്‍റെ മിസൈലുകളെ പ്രതിരോധിക്കാനും വെടിവെച്ച് വീഴ്ത്താനും പ്രസിഡന്‍റ് ജോ ബൈഡൻ അമേരിക്കൻ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. ഷെല്‍ട്ടറുകളിൽ അഭയം തേടിയിരിക്കുകയാണ് ഇസ്രായേലി പൗരന്മാരും മറ്റു രാജ്യങ്ങളിലെ പൗരന്മാരും പറഞ്ഞു. ഇസ്രായേലിലെ മലയാളികളും ഷെല്‍ട്ടറുകളിലേക്ക് മാറിയിട്ടുണ്ട്.
തങ്ങളെ ആക്രമിച്ചതോടെ ഇറാന്‍ വലിയൊരു തെറ്റ് ചെയ്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇറാന്‍ രാത്രി ഒരു വലിയ തെറ്റ് ചെയ്തു. അതിനുള്ള മറുപടി തങ്ങള്‍ ഉടന്‍ കൊടുക്കുമെന്നും അദേഹം പറഞ്ഞു. ഈ തെറ്റിന് ഇറാന്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആക്രമണത്തിൽ ഇസ്രയേലിന്‍റെ എയര്‍ബേസ് തകര്‍ത്തതായി ഇറാൻ അവകാശപ്പെട്ടു. മിസൈല്‍ ആക്രമണത്തിൽ ആളപായമുണ്ടായിട്ടില്ലെന്നാണ് ഇസ്രായേല്‍ വ്യക്തമാക്കിയിരിക്കുന്നത്. 180ലധികം മിസൈലുകളാണ് തൊടുത്തത് എന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തിൽ 100ലധികം മിസൈലുകള്‍ തൊടുത്തുവെന്നാണ് പുറത്തുവന്നിരുന്ന പ്രാഥമിക വിവരം. എന്നാൽ 180ലധികം മിസൈലുകളാണ് തൊടുത്തതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
താത്കാലികമായി അടച്ച വ്യോമപാത ഇസ്രയേൽ തുറന്നു. ഇസ്രേയേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രത നിർദേശം നൽകി. സംഘർഷം അവസാനിപ്പിക്കണമെന്ന് യുഎൻ ആവശ്യപ്പെട്ടു. ഇസ്രയേലിനെ ആക്രമിച്ചതിന് പിന്നാലെ പ്രത്യാക്രമണം ചെറുക്കൻ നടപടികൾ ആരംഭിച്ച് ഇറാൻ. വ്യോമഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ടെഹ്‌റാൻ അന്തരാഷ്ട്ര വിമാനത്താവളം അടച്ചു.
