പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ചു. രാവിലെ ഏഴിനാണ് പോളിംഗ് ആരംഭിച്ചത്. വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പടെ 10 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.
അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ആകെ 1,94,706 വോട്ടര്‍മാരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. 2306 പേര്‍ 85 വയസിനു മുകളില്‍ പ്രായമുള്ളവരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ്.
മൂന്ന് മുന്നണികൾക്കും നിർണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്. ഷാഫി പറമ്പിലിന് ജനസ്വീകാര്യതയുള മണ്ഡലം, ഭൂരിപക്ഷം ഒരിഞ്ചുപോലും കുറയാതെ നിലനിർത്തുക എന്നതാണ് യുഡിഎഫ് ലക്ഷ്യം. എണ്ണയിട്ട യന്ത്രം പോലെ, ഒറ്റക്കെട്ടായാണ് യുഡിഎഫ് നേതാക്കൾ പാലക്കാടിനായി പ്രവർത്തിച്ചത്. സന്ദീപ് വാര്യരുടെ സസ്പെൻസ് വരവും കോൺഗ്രസ് പ്രവർത്തകരുടെ ആവേശം കൂട്ടിയിട്ടുണ്ട്.
വിവാദങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി. സരിന്‍ പ്രതികരിച്ചു. എന്താണ് തെരഞ്ഞെടുപ്പിനുള്ള കാരണമെന്നതിനെ പറ്റി ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും ജനങ്ങളുടെ മനസിലൊരു തീരുമാനമുണ്ടെന്നും പി സരിന്‍ ചൂണ്ടിക്കാട്ടി.
