തിരുവനന്തപുരം: പാലക്കാട്ടെ തോല്‍വിയില്‍ വിമര്‍ശനം കടുക്കവേ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് കെ.സുരേന്ദ്രന്‍. കേന്ദ്ര നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. പാലക്കാട്ടെ തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി. അതേസമയം കേന്ദ്രനേതൃത്വം രാജി ആവശ്യം തള്ളിയെന്നാണ് സുരേന്ദ്രന്‍ അവകാശപ്പെടുന്നത്.
പാലക്കാട്ടെയും കേരളത്തിലെയും തോല്‍വിയുടെ സാഹചര്യം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ദേശീയ പ്രസിഡന്റ് ജെ.പി നദ്ധ, സംഘടന ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് എന്നിവരെയാണ് രാജി സന്നദ്ധത അറിയിച്ചത്. പാലക്കാട്ടെ സാഹചര്യം പരിശോധിക്കുമെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചു. അതേസമയം ഇന്ന് ഉച്ചക്ക് 12 മണിക്ക് സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
അതേസമയം നേതാക്കള്‍ക്കെതിരെയു സുരേന്ദ്രന്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. ശോഭാ സുരേന്ദ്രനും ശോഭയെ അനുകൂലിക്കുന്ന ചില കൗണ്‍സിലര്‍മാര്‍ ചേര്‍ന്നാണ് വിജസാധ്യതയെ അട്ടിമറിച്ചത് എന്നാണ് ആരോപണം. കണ്ണാടി മേഖലയില്‍ വോട്ട് മറിച്ചുവെന്നും സുരേന്ദ്രന്‍ പക്ഷം ആരോപിക്കുന്നു. കച്ചവടക്കാര്‍ക്കുള്ള യൂസര്‍ ഫീ 300 രൂപയില്‍ നിന്ന് 100 ആയി കുറക്കണം എന്ന നിര്‍ദ്ദേശം നഗരസഭ അധ്യക്ഷ തള്ളി. സ്മിതേഷ് മീനാക്ഷി, ദിവ്യ, സാബു തുടങ്ങിയ നഗരസഭ കൗണ്‍സിലര്‍മാര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിച്ചതായും സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. സഹപ്രഭാരിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്ന് സുരേന്ദ്രന്റെ ആവശ്യം.
