തിരുവനന്തപുരം : വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിക്കെതിരെ നടിയും ബിജെപി നേതാവുമായ ഖുശ്ബുവിനെ രംഗത്തിറക്കാൻ ബിജെപി നീക്കം. സ്ഥാനാർത്ഥിയായി നടി ഖുശ്ബുവും ബിജെപി അന്തിമപട്ടികയിൽ ഇടംപിടിച്ചതായാണ് വിവരം. തൃശ്ശൂരിന് സമാനമായ രീതിയിൽ സിനിമാ താരത്തെ മത്സരിപ്പിക്കുന്നതിൽ സംസ്ഥാന ഘടകത്തോട് കേന്ദ്രനേതൃത്വം അഭിപ്രായം ആരാഞ്ഞു.
നാലുവർഷം മുൻപാണ് ഖുശ്ബു കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. പ്രിയങ്ക ഗാന്ധിക്കെതിരെ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു എതിരാളിയെന്ന നിലയിലാണ് നടിയെ പരിഗണിക്കുന്നത്. സംസ്ഥാന ഘടകം ഇക്കാര്യത്തില്‍ എന്ത് അഭിപ്രായം പറയുന്നു എന്നത് കൂടി പരിഗണിച്ച് മാത്രമായിരിക്കും അന്തിമ തീരുമാനം. എം ടി രമേശ്, ശോഭാ സുരേന്ദ്രന്, എ പി അബ്ദുള്ളകുട്ടി, ഷോണ്‍ ജോര്‍ജ് എന്നീ പേരുകളും വയനാട്ടിലേക്ക് ബിജെപി സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. നിലവിൽ ബിജെപി തമിഴ്നാട് ഘടകത്തിന്റെ ഭാഗമായാണ് ഖുശ്ബു പ്രവർത്തിക്കുന്നത്.
