പത്തനംതിട്ട കലഞ്ഞൂരിൽ ഭര്‍ത്താവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തിയത് വാട്സാപ്പ് മെസേജിനെ ചൊല്ലിയുള്ള സംശയമെന്ന് പോലീസ്. പാടം പടയണിപ്പാറ എരുത്വാപ്പുഴ ബൈജു വിലാസത്തില്‍ വൈഷ്ണവിയേയും (28) സുഹൃത്ത് പാടം വിഷ്ണു ഭവനില്‍ വിഷ്ണുവിനെയുമാണ് (30) വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജു ക്കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട വിഷ്ണുവുമായി ബൈജുവിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു. ഒപ്പം ഭാര്യ വൈഷ്ണവിയും വിഷ്ണുവും നിരന്തരം ഫോൺ വിളിക്കുന്നതും ബൈജുവിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
കഴിഞ്ഞ ദിവസം രാത്രി ബൈജു വൈഷ്ണവിയുടെ കൈവശം മറ്റൊരു മൊബൈല്‍ഫോണ്‍ കണ്ടെത്തുകയും ഇത് പരിശോധിച്ചപ്പോള്‍ വാട്സാപ്പില്‍ നിന്ന് അയല്‍ക്കാരനായ വിഷ്ണുവുമായി ചാറ്റ് ചെയ്യുകയാണെന്ന് മനസിലാക്കി. തുടർന്ന് വാക്ക് തർക്കം ഉണ്ടാവുകയും വൈഷ്ണവി വൈഷ്ണവി ഇറങ്ങിയോടുകയും വിഷ്ണുവിന്റെ വീട്ടില്‍ അഭയം തേടുകയുമായിരുന്നു. പിന്നാലെ വെട്ടുകത്തിയുമായി എത്തിയ ബൈജു വൈഷ്ണവിയെ പുറത്തേക്ക് വിളിച്ചെങ്കിലും ഇറങ്ങി ചെന്നില്ല. തുടര്‍ന്ന് വലിച്ചിറക്കി മുറ്റത്തിട്ട് വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ വിഷ്ണുവിനെയും വെട്ടി പരിക്കേൽപ്പിച്ചു. ഗുരുതര പരുക്കേറ്റ വൈഷ്ണവിയെയും വിഷ്ണുവുനെയും ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.
മരിച്ചവരുടെ മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വൈഷ്ണവിക്കും ബിജുവിനും 10, അഞ്ച് വയസ് വീതമുള്ള രണ്ട് കുട്ടികളുണ്ട്. വിഷ്ണുവും ബൈജുവും ആശാരിപ്പണിക്കാരാണ്. ഇരുവരും ഒന്നിച്ച് പണിക്ക് പോകുന്നവര്‍ ആയിരുന്നു. ആക്രമണം നടത്തിയ ശേഷം ബൈജു തന്നെ സുഹൃത്തുക്കളെ വിളിച്ച് കൊലപാതക വിവരം അറിയിക്കുകയായിരുന്നു. സുഹൃത്തുക്കൾ ഉടൻ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. ബൈജു നിലവിൽ കൂടല്‍ പോലീസ് കസ്റ്റഡിയിലാണ്. കൊലപാതകത്തിന് ഉപയോഗിച്ചത് കൊടുവാള്‍ ആണെന്ന് പൊലീസ് പറയുന്നു.
പത്തനംതിട്ട കലഞ്ഞൂരിലെ ഇരട്ടക്കൊല; രഹസ്യ ഫോണിൽ അയച്ച വാട്സാപ്പ് സന്ദേശത്തെ സംബന്ധിച്ച തർക്കത്തെ തുടർന്ന്
