യുഡിഎഫ് കോട്ടയായി കരുതിയിരുന്ന പത്തനംതിട്ടയിൽ പാർട്ടിക്ക് അഭിമാനകരമായ നേട്ടം ഒരുക്കിയാണ് കെ പി ഉദയഭാനു ജില്ലാ സെക്രട്ടറി സഥാനം ഒഴിയന്നത്. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും എൽ.ഡി.എഫിന് മേൽക്കൈ നേടാനായത് ഉദയഭാനുവിന്റെ നേതൃത്വത്തിലാണ്. കൂടാതെ വർഷങ്ങളായി കോൺഗ്രസ് ഭരിച്ചിരുന്ന ജില്ലാ പഞ്ചായത്തും, പത്തനംതിട്ട മുൻസിപാലിറ്റിയും, ഭരിഭാഗം വരുന്ന പഞ്ചായത്തുകളും പിടിച്ചെടുക്കാൻ പാർട്ടിയെ പ്രാപ്മാക്കിയത് കെ പി ഉദയഭാനു എന്ന ജില്ലാ സെക്രട്ടറിയാണ്. ജില്ലയിലെ മുഴുവൻ ഏരിയാ കമ്മറ്റികളുടെയും 80 ശതമാനത്തിലേറെ യോഗങ്ങളിൽ കെ പി ഉദയഭാനു പങ്കെടുത്തിരുന്നു. പാർട്ടിയുടെ കീഴ്ഘടകങ്ങളുടെ പ്രവർത്തനങ്ങൾ പോലും ഇത്രയും താൽപ്പര്യത്തോടെ നിരീക്ഷിച്ച മറ്റൊരു ജില്ലാ സെക്രട്ടറി ജില്ലയിൽ ഉണ്ടായിട്ടില്ലെന്ന് പ്രവർത്തകർ പറയുന്നു
ഒരുകാലത്ത് ഇടതുമുന്നണിക്ക് അപ്രാപ്യമെന്ന് കരുതിയിരുന്ന മണ്ഡലങ്ങളായിരുന്നു കോന്നിയും ആറന്മുളയും. തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വിരുദ്ധ തരംഗം ആഞ്ഞടിക്കുമ്പൊഴും കോൺഗ്രസിന് ഒപ്പം നിന്ന മണ്ഡലങ്ങളാണ് ഇവ രണ്ടും. എന്നാൽ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഈ രണ്ട് മണ്ഡലങ്ങളും പിടിച്ചെടുക്കാൻ സിപി എമ്മിന് കഴിഞ്ഞു. അതേപോലെ വർഷങ്ങളായി കോൺഗ്രസ് ഭരിച്ചിരുന്ന ജില്ലാ പഞ്ചായത്ത് ഭരണവും പിടിച്ചെടുക്കാൻ കഴിഞ്ഞത് ഉദയഭാനു ജില്ലാ സെക്രട്ടറി ആയിരിക്കുമ്പൊഴാണ്. പ്രാദേശികമായി രൂപപ്പെടുന്ന വിഭാഗിയതകൾ പാർട്ടിയുടെ ജില്ലാ നേതൃത്വത്തിന് എക്കാലവും തലവേദന സൃഷ്ടിക്കാറുണ്ട്. എന്നാൽ എല്ലാ വിഭാഗീയതകളേയും ഇല്ലാതാക്കി പാർട്ടി പ്രവർത്തകരെ ഒറ്റകെട്ടായി മുന്നോട്ട് കൊണ്ടുപോകാൻ കെ പി ഉദയഭാനുവിന് കഴിഞ്ഞിരുന്നു.
കെ പി ഉദയഭാനു സ്വീകരിച്ചിരുന്ന നിലപാടുകൾ എന്നും അദ്ദേഹത്തെ ശ്രദ്ധേയനാക്കിയിരുന്നു. അവസാന ഘട്ടത്തിൽ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബത്തിന് പിന്തുണ നൽകി എടുത്ത നിലപാട് ശ്രദ്ധേയമായിരുന്നു. പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആർജ്ജവത്തോടെ പറയാൻ ജില്ലാ സെക്രട്ടറി എന്ന നിലയിൽ ഉദയഭാനു കാട്ടിയ ധൈര്യം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. കണ്ണൂർ അടക്കമുള്ള വടക്കൻ ജല്ലകളിലെ പാർട്ടി പ്രവർത്തകരിൽ ഇത് കടുത്ത അമർഷത്തിന് ഇത് ഇടയാക്കിയിരുന്നു.
കെ പി ഉദയഭാനു ജില്ലാ സെക്രട്ടറി ആയിരുന്ന കാലയളവിൽ പാർട്ടിയുടെ സോഷ്യമീഡിയാ ഫ്ലാർറ്റ്ഫോമുകളിൽ തുടർച്ചയായി വന്നുകൊണ്ടിരുന്ന ചിത്രങ്ങളിൽ മിക്കതും വിവിധ പാർട്ടികളിൽ നിന്ന് സിപിഎമ്മിലേക്ക് എത്തുന്ന പ്രവർത്തകരെ രക്തഹാരമണിയിച്ച് സ്വീകരിക്കുന്നവ ആയിരുന്നു. സംഘപരിവാർ കോട്ടകളിൽ നിന്നും നിരവധിപേർ പാർട്ടിയിലേക്ക് എത്തി. പോക്സോ കേസ് പ്രതിയെ അരോഗ്യവകുപ്പ് മന്ത്രി വീണാജോർജിന്റെ സാനിധ്യത്തിൽ പാർട്ടിയിലേക്ക് സ്വീകരിച്ചത് വലിയ വാർത്തയായിരുന്നുവെങ്കിലും കെ പി ഉദയഭാനു സ്വീകരിച്ച നിലപാടിൽ അടിയുറച്ച് നിന്നതും ശ്രദ്ധേയമായിരുന്നു. ജില്ലയിലെ മുതുർന്ന കോൺഗ്രസ് നേതാക്കളായ ബാബു ജോർജ്, സജി ചാക്കോ തുടങ്ങിയ പ്രമുഖരെ അടക്കം പാർട്ടിയിൽ എത്തിക്കാൻ ഉദയഭാനുവിന് സാധിച്ചു.
പുതിയ ജില്ലാ സെക്രട്ടറിയായി ചർച്ചകളിൽ ഇടംപിടിച്ചിരുന്നത് മുൻ എം.എൽ.എ എ പത്മകുമാറായിരുന്നു. ജില്ലാകമ്മറ്റിയിൽ നാൽപ്പത് വർഷത്തിലേറേ പ്രവർത്തന പാരമ്പര്യം പത്മകുമാറിനുണ്ട്. 1983ൽ പത്തനംതിട്ട ജില്ലാ കമ്മറ്റിയിൽ വരികയും 1992ൽ ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാകുകയും ചെയ്തു. രണ്ട് തവണ ആക്ടിംഗ് ജില്ലാസെക്രട്ടറി ആയിട്ടുണ്ട്. എക്കാലവും പിണറായി പക്ഷത്തിനൊപ്പം നിന്ന പത്മകുമാറിന്റെ പ്രവർത്തന പാരമ്പര്യവും പ്രവർത്തന മികവും പരിഗണിക്കാത്തതിൽ പാർട്ടിയിലെ മുതിർന്ന പ്രവർത്തകർക്ക് അമർഷമുണ്ട്. പത്മകുമാറിനെ കൂടാതെ പി.വി ഹർഷകുമാർ, സനൽകുമാർ എന്നിവരെയും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.
25 വര്‍ഷം എംഎല്‍എ ആയിരുന്ന രാജു എബ്രഹാം നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ്. ജില്ലാ സമ്മേളനത്തില്‍ പുതിയ ജില്ലാ കമ്മിറ്റിയിലേക്ക് ആറ് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. മൂന്ന് ടേം പൂര്‍ത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി കെപി ഉദയഭാനു അടക്കം ആറ് പേരെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. തിരുവല്ല ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും അച്ചടക്ക നടപടിയിലൂടെ നീക്കം ചെയ്യപ്പെട്ട ഫ്രാന്‍സിസ് വി. ആന്റണിയെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് ശ്രദ്ധേയമായി. കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി.വി. സ്റ്റാലിന്‍, പട്ടിക ജാതി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി സി.എന്‍.രാജേഷ്, ഇരവിപേരൂര്‍ ഏരിയ സെക്രട്ടറി ടി.കെ.സുരേഷ് കുമാര്‍, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി. നിസാം എന്നിവരെയും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.
