വയനാട്: മേപ്പാടി മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണം 11 ആയി. മരിച്ചവരിൽ പിഞ്ചുകുഞ്ഞും ഉൾപ്പെടുന്നു. വൻ ഉരുൾപൊട്ടലാണ് മേഖലിയിൽ ഉണ്ടായിരിക്കുന്നത്. കൂടുതൽ എൻഡിആർഎഫ് സംഘം ഉടൻ ദുരന്തഭൂമിയിലേക്ക് എത്തും. മൂന്ന് തവണയാണ് മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്. പുലർച്ചെ രണ്ട് മണിയോടെയാണ് ആദ്യ ഉരുൾപൊട്ടൽ ഉണ്ടായത്.
രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരല്‍മല സ്‌കൂളിനു സമീപം രണ്ടാമത്തെ ഉരുള്‍പൊട്ടലുണ്ടായി. മൂന്ന് ഉരുള്‍പൊട്ടല്‍ ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. ക്യാംപ് പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളില്‍ വീടുകളിലും കടകളിലും വെള്ളവും ചെളിയും നിറഞ്ഞു.
ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങൾക്കൊഴികെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാൻ എല്ലാവരും സന്നദ്ധരാകണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടിട്ടുണ്ട്. വെള്ളാർമല സ്കൂൾ തർന്നു. ചൂരൽമല – മുണ്ടക്കൈ റൂട്ടിലെ പാലം തകർന്നിട്ടുണ്ട്. ഇത് രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. നിരവധി വീടുകൾ തകർന്നിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി സൈന്യം വയനാട്ടിലെത്തും.
എയർലിഫ്റ്റിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ രക്ഷാപ്രവർത്തനത്തിനായി ഉപയോഗിക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. വെള്ളാർമല സ്കൂൾ പരിസരത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രക്ഷാപ്രവർത്തകർക്ക് എത്താൻ ദുരന്തമേഖലയിലേക്ക് എത്താൻ കഴിയാത്ത സ്ഥിതിയാണ് ഇപ്പോൾ. കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
