വിജയ പ്രതീക്ഷയില്‍ മുന്നണികൾ; വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

Theheadlinesmalayalam

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളിലെ ജനവിധി ഇന്നറിയാം. സംസ്ഥാനത്ത് വയനാട് ലോക്സഭ സീറ്റിലും ചേലക്കര, പാലക്കാട് അസംബ്ലി മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ രാവിലെ 8 മണിക്ക്. 10 മണിയോടെ ജനങ്ങള്‍ ആര്‍ക്കൊപ്പമെന്നതില്‍ വ്യക്തതയുണ്ടാകും.

 

രാഹുല്‍ ഗാന്ധി രാജിവെച്ചതിനെത്തുടര്‍ന്ന് ഒഴിവു വന്ന വയനാട് സീറ്റില്‍ സഹോദരി പ്രിയങ്ക ഗാന്ധിയെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്. സിപിഐ നേതാവ് സത്യന്‍ മൊകേരിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ നവ്യ ഹരിദാസാണ് ബിജെപി സ്ഥാനാര്‍ഥി.

ചേലക്കരയില്‍ യു വി പ്രദീപ് (എല്‍ഡിഎഫ്), രമ്യ ഹരിദാസ് ( യുഡിഎഫ്), ബാലകൃഷ്ണന്‍ (ബിജെപി) എന്നിവരും, പാലക്കാട് ഡോ. പി സരിന്‍ (എല്‍ഡിഎഫ്), രാഹുല്‍ മാങ്കൂട്ടത്തില്‍ ( യുഡിഎഫ്), സി കൃഷ്ണകുമാര്‍ (ബിജെപി) എന്നിവരും ജനവിധി തേടുന്നു.

രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന വീറുറ്റ പോരാട്ടം നടന്നത് പാലക്കാടാണ്. ത്രികോണപ്പോര് തന്നെയാണ് പാലക്കാട്ട് നടന്നത്. ഗവ. വിക്ടോറിയ കോളേജിലാണ് പാലക്കാട് വോട്ടെണ്ണല്‍. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട പി സരിനും പത്തനംതിട്ടയില്‍ നിന്നെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും പാലക്കാട്ട് ഏറെ സ്വാധീനമുള്ള എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവച്ചത്. ഇതിനിടെ ബിജെപിയോട് ഇടഞ്ഞ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേക്കേറിയത് രാഷ്ട്രീയമായ ആര്‍ക്ക് ഗുണകരമാകുമെന്നതിന് ഉത്തരവും ഇന്നറിയാം.

Share This Article
Leave a comment