ബന്ദികളാക്കപ്പെട്ട 4 ഇസ്രായേലി വനിതകളെ ഹമാസ് മോചിപ്പിച്ചു. അവരെ സൈനിക യൂണിഫോമിൽ കൊണ്ടുവന്ന് ഒരു പോഡിയത്തിൽ നിർത്തി അഭിവാദ്യം ചെയ്യുന്ന ദൃശ്യങ്ങൾ ഹമാസ് പുറത്തുവിട്ടു. ഇവരെ റെഡ് ക്രോസ് അംഗങ്ങൾക്ക് കൈമാറി. വാഹനം ബന്ദികളെയുംകൊണ്ട് ഗാസയിൽ നിന്ന് പുറപ്പെട്ടു. 2023 ഒക്ടോബർ 7 മുതൽ ബന്ദികളാക്കിയ നാല് ഇസ്രായേൽ വനിതാ സൈനികരെ മോചിപ്പിക്കുമെന്ന് ഹമാസ് വെള്ളിയാഴ്ച സൂചിപ്പിച്ചിരുന്നു. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിന് കീഴിലുള്ള രണ്ടാമത്തെ കൈമാറ്റമാണിത്.
ഇന്ന് മോചിപ്പിക്കേണ്ട നാല് സ്ത്രീകളുടെ വിവരങ്ങൾ ഹമാസ് കഴിഞ്ഞ ദിവസം ഇസ്രയേലിന് കൈമാറിയിരുന്നു. നാല് ഇസ്രായേൽ വനിതാ സൈനികരുടെ മോചനത്തിന് ശേഷം, ഇസ്രായേൽ പലസ്തീൻ തടവുകാരെ മോചിപ്പിക്കും. എന്നാൽ എത്രപേരെ മോചിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഗാസ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള നഹാൽ ഓസ് സൈനിക താവളത്തിൽ നിന്നാണ് നാലുപേരെയും ബന്ദികളാക്കിയത്. വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം, പലായനം ചെയ്യപ്പെട്ട ഗാസാ നിവാസികൾ ഒരു വർഷത്തിലേറെ നീണ്ട യുദ്ധത്തിന് ശേഷം മടങ്ങിതുടങ്ങി. എന്നാൽ തകർന്ന വീടുകൾ നിർമ്മിക്കാനുള്ള ശ്രമത്തിലാണ് അവർ ഇപ്പോൾ.
മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നീ മൂന്ന് രാജ്യങ്ങളുടെ ശ്രമഫലമായാണ് വെടിനിർത്തൽ പ്രഖ്യാപനം യാഥാർഥ്യമായത്. യുദ്ധത്തിൻ്റെ അടുത്ത ഘട്ടത്തിൽ യുദ്ധത്തിന് കൂടുതൽ ശാശ്വതമായ അന്ത്യമാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് വെടിനിർത്തൽ കരാർ പൂർത്തിയാകുന്നത്. ആക്രമണത്തിന്റെ കടുത്ത ആഘാതം നേരിടുന്ന വടക്കൻ ഗസ്സയിലേക്ക് പ്നരധിവാസ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
