ഡല്‍ഹി: പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ അന്തരിച്ചു. 87 വയസ്സായിരുന്നു. അസുഖ ബാധിതനായി മുംബൈയിൽ ചികിത്സയിലാരുന്നു. ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനാണ്. ലോക വ്യാവസായിക മേഖലയിൽ ഇന്ത്യയെ അടയാളപ്പെടുത്തിയ വ്യാവസായിക പ്രമുഖൻ കൂടിയാണ് അദ്ദേഹം. രാജ്യം പത്മവിഭൂഷനും പത്മഭൂഷനും നൽകി ആദരിച്ചു.
ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറിനെ വിപണിയിലെത്തിച്ച സംരംഭകന്‍, ഉപ്പ് മുതൽ സോഫ്റ്റ് വെയര്‍ വരെ ടാറ്റയുടെ കരസ്പർശമെത്തിച്ച മേധാവി, ലാഭത്തിന്റെ 60 ശതമാനം സന്നദ്ധപ്രവർത്തനങ്ങൾക്ക് മാറ്റിവച്ച കച്ചവടക്കാരന്‍, വാണിജ്യ ലോകത്ത് കനിവും കരുതലും ഉയര്‍ത്തിപ്പിടിച്ച ഒറ്റയാന്‍ എന്നിങ്ങനെ അവസാനിക്കാത്ത വിശേഷണങ്ങളുള്ള അതികായനാണ് രത്തൻ നേവൽ ടാറ്റ.
1937 ഡിസംബർ 28, ബോംബെയില്‍ ജനനം. മാതാപിതാക്കള്‍ വേർപിരിഞ്ഞതിനാല്‍ കുട്ടിക്കാലം മുത്തശിക്കൊപ്പമായിരുന്നു. 1959ൽ അമേരിക്കയിലെ കോർണൽ സര്‍വകലാശാലയില്‍നിന്ന് ആർക്കിടെക്ചറിൽ ബിരുദം നേടി. 1961ൽ കുടുംബ ബിസിനസായ ടാറ്റ സ്റ്റീൽസിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1970ല്‍ മാനേജ്മെന്റ് തലത്തിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. നഷ്ടത്തിലേക്ക് കൂപ്പുകുത്താൻ തുടങ്ങിയ ടാറ്റ ഗ്രൂപ്പിലെ പല കമ്പനികളെയും ലാഭത്തിലാക്കിയത് രത്തൻ ടാറ്റയുടെ കീഴിലാണ്.
ടാറ്റ സൺസിൻ്റെ ചെയർമാനായി 1991 ലാണ് അദ്ദേഹം സ്ഥാനമേറ്റത്. 2012 ഡിസംബർ വരെ കമ്പനിയെ നയിച്ച അദ്ദേഹം ഗ്രൂപ്പിനെ വൻ ഉയരങ്ങളിലേക്ക് നയിച്ചു. 10000 കോടി രൂപയിൽ നിന്ന് കമ്പനിയുടെ വരുമാനം 100 ബില്യൺ ഡോളറിലേക്ക് ഉയർന്നത് അദ്ദേഹത്തിൻ്റെ കാലത്താണ്. കമ്പനിയിൽ ഇദ്ദേഹം സ്ഥാനമൊഴിഞ്ഞ ശേഷം സൈറസ് മിസ്ത്രി ചെയർമാനായി എത്തിയെങ്കിലും പിന്നീടുണ്ടായ തർക്കം വലിയ വാർത്തയായിരുന്നു. 2016 ഒക്ടോബറിൽ സൈറസ് മിസ്ത്രിയെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ഇടക്കാല ചെയർമാനായി രത്തൻ ടാറ്റ വീണ്ടുമെത്തി. 2017 ൽ സ്ഥാനം എൻ ചന്ദ്രശേഖറിന് കൈമാറി. തുടർന്ന് ടാറ്റ സൺസിൻ്റെ ചെയർമാൻ എമിററ്റസായി അദ്ദേഹത്തെ ഗ്രൂപ്പ് നിയോഗിക്കുകയായിരുന്നു.
