അർജുനായി ഈശ്വർ മാൽപെ ഇന്നും ഗം​ഗാവലി പുഴയിലിറങ്ങി; പുഴയിലെ അടിയൊഴുക്ക് പത്ത് കിലോമീറ്റർ വേഗതയിൽ

Theheadlinesmalayalam

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായി ഗംഗാവലി പുഴയിൽ ഇന്നും തിരച്ചിൽ ആരംഭിച്ചു. നാവികസേനയുടെ സഹായത്തോടെ മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെയും സംഘവുമാണ് തെരച്ചിൽ നടത്തുന്നത്. അർജുനായുള്ള തിരച്ചിൽ ആരംഭിച്ച് പതിമൂന്നാം ദിവസമാണ് ഇന്ന്.

അർജുൻ്റെ ലോറി ഉണ്ടെന്ന് കരുതപ്പെടുന്ന നദിയിലെ മൺത്തിട്ടയ്ക്ക് സമീപം ഈശ്വർ മൽപെ ഇന്നലെ തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും കാര്യമായ സൂചനകൾ ലഭിച്ചില്ല. മണ്ണും വലിയ കല്ലുകളും മറ്റും പ്രദേശത്ത് അടിഞ്ഞുകൂടിയതാണ് തിരച്ചിലിന് തിരിച്ചടിയായത്.

 

ശക്തമായ മഴ മാറി നിൽക്കുകയാണെങ്കിലും തിരച്ചിലിന് പ്രതിസന്ധിയാകുന്നത് നദിയിലെ അടിയൊഴുക്കാണ്. അർജുനായുള്ള തിരച്ചിലിൻ്റെ പുരോഗതി വ്യക്തമാക്കുന്ന നിർണായ റിപ്പോർട്ട് ജില്ലാ കളക്ടർ ഇന്ന് സർക്കാരിന് കൈമാറും. ഈ സാഹചര്യത്തിൽ ഇന്നത്തെ തിരച്ചിൽ നിർണായകമാണ്.

ഈശ്വർ മൽപെ നിരവധി തവണ പുഴയിൽ മുങ്ങി തിരച്ചിൽ നടത്തിയെങ്കിലും അർജുൻ്റെ ലോറിയുടെ സാന്നിധ്യം തിരിച്ചറിയാനായില്ല. ലോറിയുടെ സാന്നിധ്യം വ്യക്തമാക്കുന്ന സിഗ്നൽ ലഭിച്ച നാലാം പോയിൻ്റിൽ ചെളിയും പാറയും മാത്രമാണുള്ളതെന്ന് ജില്ലാ കളക്ടർ ലക്ഷമിപ്രിയ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഗംഗാവലി പുഴയിൽ ഈശ്വർ മൽപെ മുങ്ങി തിരച്ചിൽ നടത്തിയിട്ടും കാര്യമായ ഫലമുണ്ടായില്ലെന്നും നിരാശയായിരുന്നു ഉണ്ടായതെന്നും കാർവാർ എംഎൽഎ സതീഷ് സെയിൽ ഇന്നലെ പറഞ്ഞു.

Share This Article
Leave a comment