വയനാട് ദുരന്തത്തില്‍ 319 മരണം; തിരിച്ചറിയാത്ത ഭൗതികശരീരങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും

Theheadlinesmalayalam

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 319 ആയി. ഇന്ന് ഏഴ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വെള്ളാർമല സ്കൂൾ റോഡിൽ നിന്നാണ് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ചാലിയാറിൽ ഇന്ന് കണ്ടെത്തിയത് രണ്ട് മൃതദേഹങ്ങളും ശരീരഭാഗങ്ങളുമാണ്.

ഉരുള്‍പൊട്ടലില്‍ മരിച്ച 107 പേരെയാണ് തിരിച്ചറിഞ്ഞത്. മരിച്ചവരിൽ 27 പേർ കുട്ടികളാണ്. മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ ആറ് സോണുകളായി നാൽപ്പത് ടീമുകളായാണ് ഇന്ന് തിരച്ചിൽ നടത്തുന്നത്. അതേസമയം, പടവെട്ടിക്കുന്നിൽ ഒറ്റപ്പെട്ടുപോയ നാലംഗ കുടുംബത്തെ രക്ഷാപ്രവർത്തകർ രക്ഷിച്ചു.

മേപ്പാടി പ്രകൃതി ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതികശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്.

തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവയ്ക്ക് രജിസ്‌ട്രേഷന്‍ വകുപ്പ് ഐ ജി ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

Share This Article
Leave a comment