ഒടുവില്‍ നമ്പരുകളായി മടക്കം; സ‍ർവമത പ്രാർഥനയോടെ വിട ചൊല്ലി കേരളം

Theheadlinesmalayalam

വയനാട്: മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കണ്ടെത്തിയ മൃതദേഹങ്ങളില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത 16 പേര്‍ക്ക് കൂടി പുത്തുമല ഹാരിസണ്‍ മലയാളത്തില്‍ സര്‍വ്വമത പ്രാര്‍ത്ഥനയോടെ അന്ത്യവിശ്രമം. പുത്തുമലയില്‍ കഴിഞ്ഞ ദിവസം എട്ട് പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്നു. മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും സാന്നിദ്ധ്യത്തിലായിരുന്നു സംസ്‌കാരം.

പുത്തുമലയിലെ സംസ്‌കാരം നടന്ന സ്ഥലത്ത് ഇന്നും ഉറ്റവരെ തേടി നിരവധി പേര്‍ എത്തിയിരുന്നു. പുത്തുമലയിലെ സംസ്‌കാരത്തിന് പഞ്ചായത്ത് അധികൃതര്‍ നേതൃത്വം നല്‍കി. സംസ്‌കാരത്തിന് മുന്നോടിയായി ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ പത്ത് മിനുട്ട് വീതം അന്ത്യ പ്രാര്‍ത്ഥന നടത്തി.

വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലാണ് ഹാരിസണ്‍ മലയാളത്തില്‍ കുഴിമാടങ്ങള്‍ തയ്യാറാക്കിയത്. പുത്തുമലയില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് സൗജന്യമായി വിട്ടുനല്‍കിയ 64 സെന്റ് ഭൂമിയിലാണ് ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ട് തിരിച്ചറിയാന്‍ സാധിക്കാത്തവര്‍ക്ക് അന്ത്യവിശ്രമം ഒരുക്കിയത്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഹാരിസണ്‍ മലയാളം സ്ഥലം വിട്ടുനല്‍കിയകത്.

64 സെന്റ് ഭൂമിയില്‍ 200 കുഴിമാടങ്ങളാണ് തയ്യാറാക്കുന്നത്. നേരത്തെ തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ നമ്പറുകളായാണ് സംസ്‌കരിക്കുന്നത്. കോണ്‍ക്രീറ്റ് തൂണുകളില്‍ നമ്പര്‍ പതിച്ച് കുഴിമാടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഡിഎന്‍എ ഫലം ലഭിച്ചശേഷം മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധ്യതയുള്ളതിനാലാണ് കുഴിമാടങ്ങളില്‍ നമ്പര്‍ സ്ഥാപിച്ചിട്ടുള്ളത്. രണ്ടാം ഘട്ടമായാണ് 16 പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. അടുത്ത ഘട്ടമായി 14 പേരുടെ മൃതദേഹങ്ങള്‍ കൂടി സ്ഥലത്തെത്തിക്കും.

Share This Article
Leave a comment