ചവിട്ടേറ്റ് ​ഗർഭസ്ഥശിശു മരിച്ചു; യുവതിക്കൊപ്പം താമസിച്ചിരുന്ന 22കാരന്‍ അറസ്റ്റിൽ; കണ്ണില്ലാത്ത ക്രൂരത തിരുവല്ലയില്‍

Theheadlinesmalayalam

പത്തനംതിട്ട: ​ഒപ്പം താമസിച്ചിരുന്ന യുവാവ് ​ഗർഭിണിയായ യുവതിയുടെ വയറ്റിൽ ചവിട്ടിയതിനെ തുടർന്ന് ​ഗർഭസ്ഥ ശിശു മരിച്ചു. തിരുവല്ല കാരാത്രയിലാണ് സംഭവം നടന്നത്. പ്രതി വിഷ്ണു ബിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ എട്ട് മാസമായി കല്ലിശ്ശേരിയിൽ യുവതി വിഷ്ണുവിനൊപ്പം താമസിക്കുകയാണ്. നിയമപരമായി ഇവർ വിവാഹം ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. യുവതി അഞ്ച് മാസം ​ഗർഭിണിയായിരുന്നു.

കഴിഞ്ഞ ദിവസം വീട്ടിൽ വെച്ച് ഇവർ തമ്മിൽ വഴക്കുണ്ടായി. വഴക്കിനിടെ വിഷ്ണു യുവതിയെ തൊഴിച്ചു. വയറിനാണ് തൊഴിയേറ്റത്. തുടർന്ന് യുവതിക്ക് ശക്തമായ വയറുവേദനയുണ്ടായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ച് നടത്തിയ സ്കാനിം​ഗിലാണ് അഞ്ച് മാസം പ്രായമായ ​ഗർഭസ്ഥ ശിശു മരിച്ചതായി അറിയുന്നത്. പൊലീസെത്തിയപ്പോഴേയ്ക്കും വിഷ്ണു ഒളിവിൽ പോയിരുന്നു. ഇന്ന് ഉച്ചയോടെ യുവാവിനെ കസ്റ്റ‍ഡിയിലെടുത്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു

Share This Article
Leave a comment