181 പേരുമായി പോയ യാത്രാ വിമാനം ദക്ഷിണ കൊറിയയിലെ മുവാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തകർന്നുവീണു. അപകടത്തിൽ 28 പേർ കൊല്ലപ്പെട്ടു. ലാൻഡിംഗ് ഗിയർ തകരാറിലായതിനെ തുടർന്ന് വിമാനത്തിന് തീപിടിക്കുകയായിരുന്നുവെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു. ബാങ്കോക്കിൽ നിന്ന് 175 യാത്രക്കാരും ആറ് ജീവനക്കാരുമായി പുറപ്പെട്ട ജെജു എയർ 7C2216 വിമാനം ദക്ഷിണ കൊറിയയിലെ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
വിമാനം റൺവേയിൽ നിന്ന് തെന്നിമാറി വേലിയിൽ ഇടിച്ചതായി യോൻഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തീപിടിച്ച വിമാനത്തിന്റെ ദൃശ്യങ്ങൾ പ്രാദേശിക വാർത്താ ചാനലുകൾ സംപ്രേഷണം ചെയ്തു. തീ അണച്ചതായും യാത്രക്കാരെ പുറത്തെടുക്കാൻ ശ്രമം നടക്കുന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. രണ്ട് എഞ്ചിനുകളുള്ള ബോയിംഗ് 737-800, ലാൻഡിംഗ് ഗിയറില്ലാതെ റൺവേയിലൂടെ തെന്നിമാറുകയായിരുന്നു. അപകടത്തിൽ രക്ഷപെട്ട രണ്ടുപേരെ കണ്ടെത്തിയിട്ടുണ്ട്.
