വീഴ്ച ആരുടേത്? പരസ്പരം പഴിചാരി കേന്ദ്ര സംസ്ഥാന സർക്കാരുകൾ

Theheadlinesmalayalam

വയനാട് ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര കാലാവസ്ഥാ കേന്ദ്രം റെഡ് അലര്‍ട്ട് വയനാട്ടിൽ പ്രഖ്യാപിച്ചത് ദുരന്തം നടന്ന ശേഷമാണ്. കേന്ദ്രം പ്രവചിച്ചതിലധികം മഴ പെയ്തുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

കേരളത്തിന് പ്രളയ മുന്നറിയിപ്പ് ഉണ്ടായിരുന്നുവെന്ന് അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. ജൂലൈ 23 ന് പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നു. ഒരാഴ്ച മുൻപ് എൻഡിആർഎഫ് സംഘത്തെ അയച്ചിരുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഇത് രാഷ്ട്രീയ വാഗ്വാദത്തിനുള്ള സമയമല്ലെന്ന ആമുഖത്തോട് കൂടിയാണ് കേന്ദ്രത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നത്.

കേന്ദ്രമന്ത്രി അമിത് ഷാ പാർലമെന്റിൽ പറയുന്ന കാര്യത്തിൽ വസ്തുതയില്ല. എൻഡിആർഎഫിനെ കേരളം നേരത്തെ ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തേക്ക് അയച്ചത്. കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് അനുസരിച്ച് എല്ലാ മുൻകരുതലും കേരളം എടുക്കാറുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്രം വയനാട്ടിൽ പ്രവചിച്ചത് 204 മില്ലിമീറ്റര്‍ മഴയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ദുരന്ത മേഖലയിൽ 48 മണിക്കൂറിൽ 572 മില്ലിമീറ്റര്‍ മഴ പെയ്തു. ആദ്യത്തെ 24 മണിക്കൂറിൽ ദുരന്ത മേഖലയിൽ 200 മില്ലിമീറ്ററും അടുത്ത 24 മണിക്കൂറിൽ 372 മില്ലിമീറ്റര്‍ മഴയും പെയ്തു. മുന്നറിയിപ്പ് നൽകിയതിലും എത്രയോ അധികമാണ് ഈ പെയ്ത മഴയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര ജല കമ്മീഷനാണ് സംസ്ഥാനത്ത് പ്രളയ മുന്നറിയിപ്പ് നൽകേണ്ടത്. ഈ മാസം 23 മുതൽ 28 വരെ അവര്‍ ഇരുവഴിഞ്ഞി പുഴയിലോ ചാലിയാറിലോ പ്രളയ മുന്നറിയിപ്പ് ഈ ഏജൻസി നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

എന്തെങ്കിലും ദുരന്തം സംഭവിക്കുമ്പോൾ കുറ്റം ആരുടെയെങ്കിലും പിടലിക്ക് ഇട്ട് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയുക അല്ല വേണ്ടത്.പരസ്പരം പഴി ചാരേണ്ട സമയമല്ല ഇതെന്നും രക്ഷാപ്രവര്‍ത്തനത്തിലാണ് ശ്രദ്ധിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share This Article
Leave a comment