ചെന്നൈയിൽ നിന്നും ബംഗളൂരുവിലേക്ക് 306 കിലോമീറ്റർ ദൂരം താണ്ടാൻ ഇനി വേണ്ടത് കേവലം ഒന്നേകാൽ മണിക്കൂർ മാത്രം. രണ്ട് നഗരങ്ങളെ ബന്ധിപ്പിച്ചുള്ള അതിവേഗ റെയിൽ പാത യാഥാർഥ്യമാകാൻ ഇനി അധിക നാളുകൾ വേണ്ട. പദ്ധതിക്ക് രൂപരേഖ തയ്യാറാക്കാനുള്ള പ്രാരംഭ നടപടികൾ നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ആരംഭിച്ചു. നിലവിൽ ഈ റൂട്ടിലോടുന്ന വന്ദേ ഭാരത് എക്സ്പ്രസ്സിന് ഏകദേശം നാലു മണിക്കൂറും 15 മിനിറ്റുമാണ് യാത്രാസമയം വേണ്ടിവരുന്നത്. കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റിലാണ് ബംഗളൂരുവിൽ നിന്ന് ചെന്നൈ ഹൈദരാബാദ് അതിവേഗ ഇടനാഴികൾ പ്രഖ്യാപിച്ചത്. മണിക്കൂറിൽ പരമാവധി 350 കിലോമീറ്റർ വരെ വേഗതയിലാണ് ട്രെയിൻ രൂപകൽപന ചെയ്യുന്നത്. കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഏഴ് പുതിയ അതിവേഗ ഇടനാടുകളിൽ ഒന്നാണിത്.
ഈ അതിവേഗ പാതയിൽ ആകെ ഏഴ് സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. പാതയുടെ വലിയൊരു ഭാഗം അതായത് ഏകദേശം 34.6 കിലോമീറ്റർ ദൂരം തുരംഗങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇതിൽ വന്യജീവികളുടെ സ്വൈര്യജീവിതം തടസ്സപ്പെടാത്ത രീതിയിൽ ചിറ്റൂർ മൊഖിലീ ചുരത്തിലൂടെ കടന്നുപോകുന്ന 14.7 കിലോമീറ്റർ ഭൂഗർഭപാതയും ഉൾപ്പെടുന്നുണ്ട്. പദ്ധതിക്കായി കർണാടകയിൽ മാത്രം 1358.96 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. തമിഴ്നാട്ടിലും ആന്ധ്രയിലും ഇതിനായുള്ള പ്രാരംഭ സർവേകൾ ആരംഭിച്ചിട്ടുണ്ട്. വയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിനോട് ചേർന്ന് ആരംഭിക്കുന്ന പാത വൈറ്റ് ഫീൽഡ്, ഹോസ്കോട്ടെ, കോലാർ, ചിറ്റൂർ, പരന്തൂർ, പൂനമല്ലി വഴി ചെന്നൈ സെൻററിൽ എത്തും.
നഗരങ്ങളിലെ സ്ഥലപരിമിതി കണക്കിലെടുത്ത് ചെന്നൈ സെൻട്രൽ, ബയ്യപ്പനഹള്ളി, വൈറ്റ് ഹീൽഡ്, എന്നീ സ്റ്റേഷനുകൾ ഭൂഗർഭ സ്റ്റേഷനുകളായാണ് നിർമ്മിക്കുന്നത്. ചെന്നൈ ബംഗളൂരു ബുള്ളറ്റ് ട്രെയിൻ പാത ഭാവിയിൽ കർണാടകയിലെ പ്രമുഖ നഗരമായ മൈസൂരുവിലേക്ക് നീട്ടാൻ വിഭാവന ചെയ്യുന്നുണ്ട്. ചെന്നൈ ബംഗളൂരു മൈസൂരു ഇടനാഴിക്ക് മൊത്തം 463 കിലോമീറ്റർ ദൈർഘ്യമുണ്ടാകും. ഇത് യാഥാർഥ്യമാകുന്നതോടെ ചെന്നൈയിൽ നിന്നും മൈസൂരിലേക്ക് വെറും രണ്ടു മണിക്കൂർ 25 മിനിറ്റിൽ എത്തിച്ചേരാനാകും. ഈ പദ്ധതിക്കായി പൂനമല്ലി കോടിഹള്ളി എന്നീ സ്ഥലങ്ങളിൽ ട്രെയിനുകളുടെ അറ്റ അറ്റകുറ്റ പണികൾക്കായുള്ള പ്രധാന മെയിന്റനൻസ് ഡിപ്പോകൾ നിർമ്മിക്കും. ജപ്പാനിലെ വിഖ്യാതമായ ഷിൻകാൻസൻ ബുള്ളറ്റ് ട്രെയിൻ സാങ്കേതിക വിധിയാണ് ഈ പാത രൂപകൽപന ചെയ്യുന്നതിനായി നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ മാതൃകയാക്കുന്നത്. കേന്ദ്രസർക്കാർ ഈ പദ്ധതിക്ക് അംഗീകാരം നൽകുകയും സിവിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഡിസൈൻ തയ്യാറാക്കുന്നതിനുള്ള ഡിസൈൻ കൺസൾട്ടൻസി ട്രെണ്ടറുകൾ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. 2035ഓടെ ഈ പാത പൂർണമായും സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
