പ്രതിപക്ഷ നേതാവിന്റെ സാനിധ്യത്തിൽ കൈരളി ടി വി റിപ്പോർട്ടറോട് കയർത്ത് കോൺഗ്രസ് പ്രവർത്തകർ

Theheadlinesmalayalam

പത്തനംതിട്ട: പ്രതിപക്ഷ നേതാവിനോടുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽ പ്രകോപിതരായി കോൺഗ്രസ് പ്രവർത്തകർ. പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാക്കളും പൊലീസും ഇടപെട്ടാണ് പിന്നീട് പ്രവർത്തകരുടെ പ്രതിഷേധം നിയന്ത്രിച്ചത്. തുമ്പമൺ സഹകരണബാങ്ക് തെരഞ്ഞെടുപ്പു ദിനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അക്രമം കാണിച്ചില്ലേ എന്ന് കൈരളി ടി.വി റിപ്പോർട്ടർ പ്രതിപക്ഷ നേതാവിനോട് ചോദിച്ചത്. ഇതിനെ തുടർന്നായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടായത്.

ഉത്തരം പറയാതെ പ്രതിപക്ഷ നേതാവ് മുന്നോട്ട് നീങ്ങവെയാണ് പ്രവർത്തകർ പ്രതിഷേധം കാട്ടിയത്. ആ ചോദ്യം അനാവശ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. കൈരളി ടി വി റിപ്പോർട്ടറോട് കയർക്കുകയും പ്രതിഷേധിക്കുകയും കയ്യേറ്റ ശ്രമം നടത്തുകയും ചെയ്ത പ്രവർത്തകരോട് താൻ നിൽക്കുമ്പോൾ ആണോ തോന്ന്യാസം കാണിക്കുന്നത് ചോദിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് ചൂടാവുകയായിരുന്നു. പ്രതിപക്ഷ നേതാവ് കടുപ്പിച്ചതോടെ പ്രവർത്തകർ ശാന്തരാവുകയായിരുന്നു. ഇത്തരം പ്രകോപനം പാടില്ലെന്ന താക്കീതും നൽകിയാണ് പ്രതിപക്ഷ നേതാവ് സ്ഥലത്ത് നിന്ന് മടങ്ങിയത്.

പത്തനംതിട്ടയിലെ തുമ്പമൺ സഹകരണബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐഎം പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ശനിയാഴ്ച വലിയ തോതിൽ സംഘർഷം ഉണ്ടായിരുന്നു. ഈ സംഘർഷത്തിൽ പരിക്കേറ്റ നേതാക്കളെയും പ്രവർത്തകരെയും കാണാനായാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പന്തളത്തെ ആശുപത്രിയിലെത്തിയത്.

Share This Article
Leave a comment