നിലവാരമില്ലാത്ത വിദ്യാഭ്യാസം നൽകി വിദ്യാർഥികളുടെ ഭാവി ഇല്ലാതാക്കുകയാണെന്ന് തമിഴ്നാട് ഗവർണർ ആർഎൻ രവി. സർക്കാർ സ്കൂളുകളിലെ അധ്യാപനവും പഠനവും ദയനീയമായ അവസ്ഥയിലാണെന്നും സർക്കാർ സ്കൂളുകളിലെ 75% വിദ്യാർഥികൾക്കും രണ്ടക്കം കൂട്ടിവായിക്കാൻ അറിയില്ലെന്നും ഗവർണർ പറഞ്ഞു. സ്റ്റേറ്റ് സിലബസിന് നിലവാരമില്ലെന്ന പരാമർശത്തെ വിമർശിച്ച് ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിൻ രംഗത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഗവർണർ ആരോപണവുമായി രംഗത്ത് വന്നത്.
സർക്കാർ സ്കൂളുകളിലെ പഠനനിലവാരത്തകർച്ച രാജ്യത്തെയും സംസ്ഥാനത്തെയും ഒരുപോലെ അപകടത്തിലാക്കും. ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥിക്കു പോലും രണ്ടടക്കം ചേർത്തു പറയാനാകുന്നില്ല. 40 ശതമാനം കുട്ടികൾക്കും രണ്ടാം ക്ലാസിലെ പുസ്തകം പോലും വായിക്കാൻ അറിയില്ല. സംസ്ഥാനത്തെ അധ്യാപന നിലവാരം ദേശീയ ശരാശരിയിലും താഴെയാണ്. വെറുതെ ഒരു നിയന്ത്രണവും മാനദണ്ഡങ്ങളുമില്ലാതെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ നൽകി ചെറുപ്പക്കാരെ തൊഴിലില്ലാത്ത ഉപയോഗശൂന്യരാക്കുകയാണ് ചെയ്യുന്നത്. സ്കൂളുകളിലും കോളേജുകളിലും മയക്കുമരുന്നുകൾ വിതരണം ചെയ്യപ്പെടുന്നുണ്ടെന്നും ഇത്തരം നിലവാരത്തകർച്ച കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ഗവർണർ പറഞ്ഞു.
