ദിവ്യ ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കും; ജാമ്യാപേക്ഷയ്‌ക്കെതിരെ കക്ഷിചേരാന്‍ നവീന്റെ ഭാര്യ മഞ്ജുഷ

Theheadlinesmalayalam
Highlights
  • പി പി ദിവ്യയുടെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനാണ് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ തീരുമാനം

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കും. തലശ്ശേരി സെഷന്‍സ് കോടതിയിലാകും ജാമ്യാപേക്ഷ സമര്‍പ്പിക്കുക. പി പി ദിവ്യയുടെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനാണ് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ തീരുമാനം.14 ദിവസത്തേക്കാണ് ദിവ്യയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

അന്വേഷണസംഘം കസ്റ്റഡി അപേക്ഷയും ഇന്ന് സമര്‍പ്പിക്കാന്‍ സാധ്യതയുണ്ട്. കസ്റ്റഡി ആവശ്യം പൊലീസ് നിലവില്‍ പരസ്യമായി ഉന്നയിച്ചിട്ടില്ല. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തിലായിരുന്നു പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. നവീന്റെ മരണത്തിന് പിന്നാലെ ദിവ്യ ഒളിവിലായിരുന്നു. മുന്‍പ് തന്നെ ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ നിയമതടസമില്ലാതിരുന്ന ഘട്ടത്തില്‍ പോലും ദിവ്യയെ അന്വേഷണസംഘം അറസ്റ്റ് ചെയ്യാതിരുന്നതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

അതേസമയം, ദിവ്യക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധമുണ്ടായി. പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. പ്രതിഷേധം കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹത്തെ തന്നെ വിന്യസിച്ചിരുന്നു.കണ്ണപുരത്തുവച്ചാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. ദിവ്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ദിവ്യയുടെ പ്രവൃത്തി ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. യാത്രയയപ്പ് യോഗത്തിലേക്ക് എത്തിയത് ക്ഷണിക്കാതെയാണ്. എഡിഎമ്മിനെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടിയിലേക്ക് എത്തിയത്. പിപി ദിവ്യയുടെ പ്രസംഗം ആസൂത്രിതമാണെന്ന് കോടതി നിരീക്ഷിച്ചു.

Share This Article
Leave a comment