പ്രിയ കാറിന്‍റെ ‘സംസ്കാരം’ നടത്തി കർഷക കുടുംബം

Theheadlinesmalayalam
Highlights
  • 1500ഓളം പേരാണ് ഈ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്

വാഹനങ്ങളോട് പലപ്പോഴും ആഴത്തിലുള്ള ആത്മബന്ധം നമ്മളിൽ ഉടലെടുക്കാറുണ്ട്. ഇഷ്ട‌പ്പെട്ട വാഹനങ്ങൾ കൈമാറുമ്പോൾ അതിൻ്റെ പ്രയാസം ഏറെ നാൾ മനസിൽ കൊണ്ടുനടക്കുന്ന ആളുകളുണ്ട് നമുക്ക് ചുറ്റം. എന്നാൽ ഇഷ്ടപെട്ട കാറിന് ഗുജറാത്തിലെ ഒരു കർഷക കുടുംബം വിടപറഞ്ഞ രീതിയാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്.

തങ്ങളുടെ പ്രിയപ്പെട്ട വാഹനത്തിനായി വമ്പൻ സംസ്ക‌ാര ചടങ്ങുകൾ സംഘടിപ്പിക്കുകയായിരുന്നു ഈ കുടുംബം. 1500ഓളം പേരാണ് ഈ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. സഞ്ജയ് പോലാര എന്ന അംറേല സ്വദേശിയാണ് വിചിത്രമായ ചടങ്ങിലൂടെ കാറിനോട് വിടപറഞ്ഞത്. ഫാമിൽ മതാചാരപ്രകാരമുള്ള ചടങ്ങുകൾ നടത്തി വാഹനം 15 അടി താഴ്‌ചയുള്ള കുഴിയിൽ മൂടുകയായിരുന്നു.

12 വർഷം പഴക്കമുള്ള വാഗൺ ആർ കാറിനോടാണ് കുടുംബം ഈ രീതിയിൽ വിട പറഞ്ഞത്. സന്യാസിമാരും ആത്മീയ നേതാക്കളും ഉൾപ്പെടെ ഒട്ടേറെ പേരാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. ഈ കാറിനെ കുറിച്ച് വരും തലമുറകളും ഓർക്കാൻ വേണ്ടിയാണ് ഇതുപോലെ വലിയൊരു ചടങ്ങ് സംഘടിപ്പിച്ചതെന്ന് കുടുംബം പറയുന്നു. നാല് ലക്ഷം രൂപയാണ് ചടങ്ങുകൾക്കായി ചെലവായത്.

12 വർഷം മുൻപാണ് ഞാൻ ഈ കാർ വാങ്ങിയത്. ഈ കാർ ഭാഗ്യം കൊണ്ടുവന്നു എന്ന് കരുതുന്നു. കാർ വീട്ടിൽ വന്നശേഷം ബിസിനസ് മെച്ചപ്പെട്ടു. അതോടെ കുടുംബത്തിന് കാറിനോടുള്ള ബഹുമാനവും കൂടി. അതിനാൽ കാർ പഴയതായപ്പോൾ വിൽക്കുന്നതിന് പകരം ഫാമിൽ തന്നെ അടക്കാൻ തീരുമാനിക്കുകയായിരുന്നു. കാർ മൂടിയിടത്ത് ഒരു വൃക്ഷത്തൈ നടുമെന്നും കാറുടമ പറഞ്ഞു.

Share This Article
Leave a comment