മട്ടണോ അതോ പട്ടിയിറച്ചിയോ? ബെംഗളൂരുവില്‍ വിവാദം പുകയുന്നു

Theheadlinesmalayalam

ബെംഗളൂരു: രാജസ്ഥാനിലെ ജയ്പൂരിൽനിന്ന് ട്രെയിനിൽ എത്തിയ ഇറച്ചിയെ ചൊല്ലി ബെംഗളൂരുവിൽ വിവാദം പുകയുന്നു. ജയ്പൂരിൽനിന്ന് ബെംഗളൂരുവിലേക്ക് മട്ടൻ എന്ന പേരിൽ എത്തിച്ചത് പട്ടിയിറച്ചിയാണെന്ന് ആരോപിച്ച് ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയതാണ് വിവാദത്തിന് ഇടയാക്കിയത്. ട്രെയിൽനിന്ന് ഇറക്കിയ 90 പാഴ്സലുകളിൽ ഇറച്ചി തന്നെയാണെന്ന് ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻഡേർഡ്സ് ഡിപ്പാർട്ട്മെൻ്റ് കമ്മീഷണർ സ്ഥിരീകരിച്ചു. ഏത് മൃഗത്തിൻ്റെ ഇറച്ചിയാണെന്ന് കണ്ടെത്താനായി അവയുടെ സാംപിളുകൾ ശേഖരിച്ച് ലാബിലേക്ക് അയച്ചുവെന്നും കമ്മീഷണർ വ്യക്തമാക്കി.

സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻഡേർഡ്സ് ഡിപ്പാർട്ട്മെൻ്റ് കമ്മീഷണർ ഉത്തരവിട്ടു.വെള്ളിയാഴ്ച വൈകുന്നേരം ജയ്പൂർ – മൈസൂരു എക്സ്പ്രസിൽ എത്തിയ ഇറച്ചിയെ ചൊല്ലിയാണ് വിവാദം. മട്ടൻ എന്ന പേരിൽ ബെംഗളൂരുവിലെ ഹോട്ടലുകളിലേക്ക് വിതരണം ചെയ്യാൻ വിൽപനക്കാരൻ എത്തിച്ചത് പട്ടിയിറച്ചിയാണെന്ന് ആരോപിച്ച് കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ ഹിന്ദുത്വ സംഘടനകൾ പ്രതിഷേധിക്കുകയായിരുന്നു. എന്നാൽ ആരോപണം തള്ളിയ വിൽപനക്കാരൻ ഇറച്ചി മട്ടൻ തന്നെയാണെന്ന് പറഞ്ഞു. കഴിഞ്ഞ 12 വർഷമായി വ്യവസായം തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ ഇറച്ചി ഏത് മൃഗത്തിൻ്റേതാണെന്ന് കണ്ടെത്താനായി സാംപിളുകൾ ശേഖരിച്ചു. മറ്റ് മൃഗത്തിൻ്റെ ഇറച്ചി കലർത്തിയിട്ടുണ്ടെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അന്വേഷണത്തിൻ്റെ ഭാഗമായി ഇറച്ചി അയച്ചവരുടെയും വിൽപനക്കാരൻ്റെയും FSSAI ലൈസൻസും ശേഖരിച്ചിട്ടുണ്ട്.

Share This Article
Leave a comment