കണ്ണീർ പുഴയായി ചാലിയാർ; ഒഴുകിയെത്തുന്നത് അറ്റുപോയ ശരീരഭാഗങ്ങൾ

Theheadlinesmalayalam

വയനാട്: വയനാട്ടിലെ ഉരുൾപൊട്ടലിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ ഒഴുകിയെത്തിയത് കിലോമീറ്ററുകൾ അകലെ മലപ്പുറം ജില്ലയിലെ ചാലിയാർ പുഴയിൽ. പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ കണ്ടെത്തിയത് 25മൃതദേഹങ്ങളാണ്. മൂന്ന് വയസുകാരന്റെ ഉൾപ്പെടെ കയ്യും കാലും തലയും ഉൾപ്പെടെ വിവിധ ശരീരഭാഗങ്ങളില്ലാത്ത മൃതദേഹങ്ങളാണ് പുഴയിലൂടെ ഒഴുകിയെത്തിയത്. ഇരുട്ടുകുത്തി, വാണിയം പുഴ ഭാഗത്ത് ചാലിയാർ പുഴക്ക് അക്കരെ 9 മൃതദ്ദേഹങ്ങൾ കൂടി കണ്ടെത്തി.

ദുരന്തത്തിൽ വിവിധ ആശുപത്രികളിലായി ചികിത്സകളിലായി കഴിയുന്നത് നൂറിലധികം പേരാണ്. അമ്പതിലേറെ വീടുകൾ, നിരവധി വാഹനങ്ങൾ എന്നിവ ഉരുൾപൊട്ടലിൽ തകർന്നും ഒലിച്ചു പോയിരിക്കുകയാണ്. മുണ്ടക്കൈ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. പോത്തുകൽ പഞ്ചായത്തിലാണ് മൃതദേഹങ്ങളേറെയും അടിഞ്ഞത്.ഇരുട്ടുകുത്തി, പോത്തുകല്ല്, പനങ്കയം, ഭൂതാനം തുടങ്ങിയ ഭാഗങ്ങളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചുങ്കത്തറ കുന്നത്തു പൊട്ടി കടവിലും ഒരു മൃതദേഹം കിട്ടി. 15 വയസ് പ്രായം തോന്നുന്ന പെൺകുട്ടിയുടെ മൃതദേഹമാണ് അവസാനമായി കണ്ടെത്തിയത്. രക്ഷാപ്രവർത്തനത്തിനായി സൈന്യം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വയനാട്ടിലേക്ക് എത്തും. രക്ഷാപ്രവർത്തനത്തിനായി 200 അംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.

ഒരു പ്രദേശമാകെ ഒലിച്ചു പോയിരിക്കുകയാണ് ഇവിടെ. ഇന്ന് പുലർച്ചെയാണ് മേഖലയിൽ രണ്ട് തവണ ഉരുൾപൊട്ടൽ ഉണ്ടായത്. പുലർച്ച രണ്ട് മണിയോടെയാണ് ആദ്യ ഉരുൾപൊട്ടൽ ഉണ്ടായത്. പിന്നാലെ പുലർച്ചെ നാല് മണിയോടെയാണ് രണ്ടാമത്തെ ഉരുൾപൊട്ടൽ ഉണ്ടായത്. നിരവധി പേർ മണ്ണിനടിയിലായും കെട്ടിടങ്ങൾക്കിടയിലും കുടുങ്ങി കിടക്കുന്നുണ്ട്.

Share This Article
Leave a comment