വയനാട് ദൗത്യം ആറാം നാൾ; മൃതദേഹങ്ങൾ കണ്ടെത്താൻ റഡാർ പരിശോധന; സുരേഷ് ഗോപി ഇന്ന് വയനാട്ടിൽ

Theheadlinesmalayalam

വയനാട്: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ദൗത്യം ആറാം ദിവസമായ ഇന്നും തുടരും. ആറ് സംഘങ്ങളായി തിരിഞ്ഞാണ് ഇന്ന് തിരച്ചിൽ നടക്കുക. 1264 പേർ ആറ് സംഘങ്ങളായി മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമുട്ടം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് തിരച്ചിൽ നടത്തുക. 30 – 40 അംഗങ്ങളായിരിക്കും ഒരു സംഘത്തിൽ ഉണ്ടാവുക. മൃതദേഹങ്ങൾ കണ്ടെത്താൻ റഡാർ പരിശോധന നടത്തും. പുഞ്ചിരിമട്ടത്ത് ആദ്യമായി മണ്ണുമാന്തി യന്ത്രം എത്തിച്ചുള്ള തെരച്ചിലും ഇന്ന് അല്‍പസമയം മുന്‍പ് ആരംഭിച്ചു.

വയനാട്ടിലെ ഉരുൾപൊട്ടിയ മുണ്ടക്കൈ – ചൂരൽമല പ്രദേശങ്ങളിൽ ഡ്രോൺ സർവേ നടത്തുമെന്ന് മന്ത്രിസഭാ ഉപസമിതി ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. മേഖലയിലെ പഴയകാല ചിത്രവുമായി താരതമ്യം ചെയ്താവും തിരച്ചിൽ നടത്തുക. ഉരുൾപൊട്ടലിൽ പ്രദേശങ്ങളിൽ അടിഞ്ഞുകൂടിയ മൺകൂനകളുടെ ഉയർച്ച വ്യത്യാസം മനസ്സിലാക്കി പരിശോധന ശക്തമാക്കുമെന്നും മന്ത്രിസഭാ ഉപസമിതി അറിയിച്ചു. ദുരന്തസ്ഥലം സന്ദർശിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് ചൂരൽ മലയിലെത്തും.

ചാലിയാറിൽ ഇന്ന് രാവിലെ ഏഴ് മണിയോടെ രണ്ട് ഭാഗങ്ങളായി തെരച്ചിൽ പുനരാരംഭിച്ചു. ചാലിയാറിലെ തെരച്ചിലും നാളെ അവസാനിപ്പിക്കും. ചാലിയാറിൽ നിന്ന് ഇന്നലെ കണ്ടെത്തിയത് 12 മൃതദേഹങ്ങളാണ്. ഇതോടെ ചാലിയാറിൽ വിപുലമായ തെരച്ചിൽ നടത്താനാണ് തീരുമാനം. ദൗത്യം അവസാനഘട്ടത്തിലാണെന്ന് ഇന്നലെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ഇന്നലെ നാല് മൃതദേഹങ്ങളാണ് ദുരന്തഭൂമിയിൽ നിന്നും കണ്ടെടുത്തത്. ഉരുൾപൊട്ടൽ ബാധിച്ച എല്ലാ സ്ഥലങ്ങളിലും ഇന്നലെ തെരച്ചിൽ നടത്തി.

Share This Article
Leave a comment