മുണ്ടക്കൈയിൽ ജനകീയ തെരച്ചിലിൽ ഇന്ന് 3 ശരീരഭാഗങ്ങൾ; തിരിച്ചടിയായി കനത്ത മഴ, ഇന്നത്തെ തെരച്ചിൽ നിർത്തി

Theheadlinesmalayalam

മുണ്ടക്കൈ: വയനാട് മുണ്ടക്കൈയിൽ ഇന്ന് നടത്തിയ രണ്ടാം ഘട്ട ജനകീയ തെരച്ചിലിൽ മൂന്ന് ശരീരഭാഗങ്ങൾ കിട്ടിയതായി അധികൃതർ അറിയിച്ചു. പരപ്പൻപാറയിൽ സന്നദ്ധ പ്രവർത്തകരും ഫോറസ്റ്റ് സംഘവും നടത്തിയ തെരച്ചിലിലാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. പരപ്പൻപാറയിലെ പുഴയോട് ചേർന്നുള്ള ഭാഗത്ത് നിന്ന് രണ്ട് ശരീരഭാഗങ്ങളും പരപ്പൻ പാറയിലെ മറ്റൊരു സ്ഥലത്ത് നിന്നും ഒരു ശരീര ഭാഗവുമാണ് കണ്ടുകിട്ടിയത്. പ്രദേശത്ത് മഴ ശക്തമായതോടെ മൂന്ന് മണിയോടെ ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു.

ഉരുള്‍പൊട്ടലില്‍ മൃതദേഹങ്ങള്‍ ഈ പ്രദേശത്ത് ഒഴുകിയെത്താനുള്ള സാധ്യത കൂടുതലാണ്. ദുരന്തബാധിത പ്രദേശങ്ങളില്‍ ജനകീയ തെരച്ചിലാണ് തുടരുന്നത്. മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് ജനകീയ തിരച്ചില്‍ നടത്തിയത്. പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവർ ഉൾപ്പെടെയാണ് തിരച്ചിലിന്റെ ഭാഗമായി.

ക്യാമ്പിലുള്ളവർ സ്വന്തം വീടിരുന്ന സ്ഥലത്തെത്തിയടക്കം പരിശോധന നടത്തി. നാളെ പുഴയുടെ താഴെ ഭാഗങ്ങളില്‍ സേനയെ ഉപയോഗിച്ച് തെരച്ചില്‍ നടത്തും. ഔദ്യോഗിക കണക്കുകൾ പ്രകാരം 126 പേരെ ഇനിയും കണ്ടെത്താനുണ്ട്. സാഹചര്യത്തിൽ കൂടുതൽ മൃതദേഹങ്ങൾ അവിടെയുണ്ടോ എന്ന് വിശദമായി പരിശോധന നടത്തും. വയനാട് മുണ്ടക്കൈ ദുരന്തത്തിന് കാരണം കനത്ത മഴയെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ട്. സ്ഥലത്തിന്റെ ചരിവും മണ്ണിന്റെ ഘടനയും ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദുരന്തം ഉണ്ടായതിന് പിന്നാലെ ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ പ്രാഥമിക പഠനം നടത്തിയിരുന്നു.

Share This Article
Leave a comment