മമ്മൂട്ടിക്ക് അതൃപ്തി; അമ്മ എക്‌സിക്യൂട്ടീവ് മാറ്റി; പ്രതിസന്ധി രൂക്ഷം

Theheadlinesmalayalam

കൊച്ചി: താര സംഘടനയുടെ അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്ന നിലപാടില്‍ നടന്‍ മോഹന്‍ലാല്‍ ഉറച്ചു നില്‍ക്കുന്നതിനാല്‍ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം മാറ്റി വച്ചു. മോഹന്‍ലാലിന്റെ അടുത്ത ബന്ധു ചികില്‍സയിലാണെന്നും അതുകൊണ്ട് മാറ്റുന്നുവെന്നുമാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ താന്‍ ഇനി സംഘടനയെ നയിക്കാനില്ലെന്ന നിലപാടിലാണ് മോഹന്‍ലാല്‍. അനുരജ്ഞന നീക്കവും സജീവം. ഈ സാഹചര്യത്തിലാണ് എക്‌സിക്യൂട്ടീവ് യോഗം മാറ്റുന്നതെന്നാണ് സൂചന. നിലവില്‍ ബാബു രാജാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കുന്നത്. ജോയിന്‍റ് സെക്രട്ടറി കൂടിയാണ് ബാബു രാജ്. ഈ ആഴ്ച തന്നെ എക്സിക്യൂട്ടീവ് യോഗം ചേരുമെന്നാണ് വിവരം.

മോഹന്‍ലാല്‍ നിലവില്‍ ചെന്നൈയിലാണെന്നാണ് വിവരം. മോഹന്‍ലാലിന് നേരിട്ട് തന്നെ യോഗത്തില്‍ പങ്കെടുക്കണമെന്ന് പറഞ്ഞതുകൊണ്ടുമാണ് യോഗം മാറ്റിവച്ചത്. പുതിയ തീയതി ഉടന്‍ അറിയിക്കാമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ ഒഴിഞ്ഞാല്‍ ആരാകണം അടുത്ത പ്രസിഡന്റ് എന്ന ചര്‍ച്ച പോലും സജീവമാണ്. മ്മൂട്ടിയായിരുന്നു അടുത്ത കാലത്ത് മോഹന്‍ലാലിനെ സംഘടനയുമായി ചേര്‍ത്ത് നിര്‍ത്തിയത്. ഇപ്പോള്‍ മമ്മൂട്ടിയും അമ്മയില്‍ താല്‍പ്പര്യം കാട്ടുന്നില്ല. ജഗദീഷിന്റെ ഉറച്ച നിലപാടുകലും മോഹന്‍ലാലിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.

യോഗത്തില്‍ ചില നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാനിരുന്നതാണ്. പുതിയ ജനറല്‍ സെക്രട്ടറിയെ ഉടന്‍ തെരഞ്ഞെടുക്കണം. കൂടാതെ ഓരോദിവസവും ഉയര്‍ന്ന് വരുന്ന ആരോപണങ്ങളില്‍ അമ്മയുടെ നിലപാട് വ്യക്തമാക്കണം. സംഘടനയുടെ മുന്നോട്ട് പോക്ക് തുടങ്ങിയവയെ കുറിച്ച് തീരുമാനം എടുക്കേണ്ടതുണ്ട്. ഈ കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യാനുള്ള യോഗമാണ് പ്രസിഡന്‍റിന്‍റെ അഭാവത്തില്‍ മാറ്റിവച്ചത്. ഓരോ ദിവസവും കൂടുതല്‍ നടന്മാരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വിവാദങ്ങള്‍ ഉയരുകയാണ്. ഈ സാഹചര്യം അമ്മയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഡബ്ല്യൂസിസിയ്ക്ക് ഇപ്പോള്‍ അമ്മയില്‍ സ്വാധീനം കൂടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അവരെ പിന്തുണയ്ക്കുന്നവര്‍ തിരഞ്ഞെടുപ്പിലൂടെ താക്കോല്‍ സ്ഥാനത്ത് എത്താനും സാധ്യത ഏറെയാണ്.

Share This Article
Leave a comment