മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും; വിവാദങ്ങൾക്കിടെ മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത് ഇതാദ്യമായി

Theheadlinesmalayalam

നടനും അമ്മയുടെ മുന്‍ പ്രസിഡന്റുമായ മോഹന്‍ലാല്‍ ഇന്ന് മാധ്യമങ്ങളെ കാണും. തിരുവനന്തപുരത്ത് ഉച്ചയ്ക്കാകും മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനം. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു.

അമ്മ പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞശേഷം ആദ്യമായാണ് മോഹന്‍ലാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍വരുന്നത്. കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ച് ചടങ്ങിന് ശേഷം മോഹൻലാൽ മാധ്യമങ്ങളെ കാണുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനാണ് അറിയിച്ചത്. ഈ പരിപാടിയിൽ പങ്കെടുക്കുന്ന മാധ്യമ പ്രവർത്തകരുടെ വിവരങ്ങൾ അറിയിക്കാൻ നേരത്തെ തന്നെ കേരള ക്രിക്കറ്റ് അസോസിയേഷൻ മാധ്യമ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം ദിവസങ്ങളോളം പ്രതികരിക്കാതിരുന്ന ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യ്ക്കു വേണ്ടി ഒടുവിൽ ജനറൽ സെക്രട്ടറി സിദ്ധീഖാണ് മാധ്യമങ്ങളുമായി സംസാരിച്ചത്. റിപ്പോര്‍ട്ട് പുറത്തുവന്നശേഷവും നടന്മാര്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നശേഷവും മോഹന്‍ലാല്‍ പ്രതികരിക്കാത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

അതേസമയം ഇന്ന് ഗാന്ധിമതി ബാലൻ അനുസ്മരണവും ബേബി ജോൺ ഫൗണ്ടേഷൻ വെബ്സൈറ്റ് ലോഞ്ചിങിലും മോഹൻലാൽ പങ്കെടുക്കും. ശേഷം ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ അവാർഡ് ആണ് മോഹൻലാലിൻ്റെ മൂന്നാമത്തെ പരിപാടി. മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയും ഉൾപ്പെടെ മോഹൻലാലുമൊത്ത് വേദി പങ്കിടും.

Share This Article
Leave a comment