യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം, അബിൻ വർക്കിയുടെ തലപൊട്ടി

Theheadlinesmalayalam

എഡിജിപി എംആർ അജിത്കുമാറിനെതിരേയും പി ശശിക്കെതിരേയും ഉയർന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ അബിൻ വർക്കിയുടെ തലയ്ക്ക് പരുക്കേറ്റു. പരിക്ക് വകവെക്കാതെയും പ്രതിഷേധത്തിനൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ് അബിൻ വർക്കി. അതിനിടെ, അബിൻ വർക്കിയേയും രാഹുൽ മാങ്കൂട്ടത്തിനെയും പൊലീസ് ബസ്സിൽ കയറ്റിയെങ്കിലും ബസ്സിൽ നിന്നിറങ്ങുകയായിരുന്നു. അബിൻ വർക്കിയെ കൂടാതെ മറ്റു പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.

മാർച്ചിൽ യുഡിഎഫ് കൺവീനർ എം എം ഹസൻ സംസാരിക്കുന്നതിനിടെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. പ്രവർത്തകർ പിരിഞ്ഞുപോകാത്തതിനെ തുടർന്ന് പൊലീസ് നാല് റൗണ്ട് ജലപീരങ്കി പ്രയോ​ഗിച്ചു. പൊലീസ് ബാരിക്കേഡ് മറിച്ചിടാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് വാഹനത്തിന് നേരെയും പ്രവർത്തകർ ആക്രമണം നടത്തി. ഇതിനിടെ സെക്രട്ടേറിയറ്റ് മതിൽ ചാടി കടക്കാൻ ശ്രമിച്ച വനിത പ്രവർത്തകരെയും പൊലീസ് തടഞ്ഞു.

അതേസമയം പത്തനംതിട്ടയിൽ എസ്പി ഓഫീസിലേക്ക് യൂത്ത് കോൺ​ഗ്രസ് നടത്തിയ മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ച് അവസാനിച്ച ശേഷം പ്രവർത്തകർ കെഎസ്ആർടിസി സ്റ്റാന്റിന് മുന്നിലെ റോഡ് ഉപരോധിച്ചു. റോഡിൽ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്ന പ്രവർത്തകരെ ബലം പ്രയോ​ഗിച്ച് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഇരു സംഘങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായത്. ഇതിന് പിന്നാലെ പൊലീസ് പ്രവർത്തകരെ ബലം പ്രയോ​ഗിച്ച് അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമവും നടത്തി. വനിത പൊലീസെത്തി വനിത പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി.

Share This Article
Leave a comment