ട്രാക്കിൽ ഗ്യാസ് സിലിണ്ടറും പെട്രോൾ നിറച്ച കുപ്പിയും; വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Theheadlinesmalayalam

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്ന് ഹരിയാനയിലെ ഭിവാനിയിലേക്കുള്ള കാളിന്ദി എക്‌സ്പ്രസ് ട്രാക്കിൽ സ്ഥാപിച്ചിരുന്ന ഗ്യാസ് സിലിണ്ടറിൽ ഇടിച്ച് വലിയ ഒരു അപകടം ഒഴിവായി. ഞായറാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ സിലിണ്ടർ 50 മീറ്ററോളം ദൂരത്തേക്ക് തെറിച്ചു വീണതായാണ് റിപ്പോർട്ട്. ഗ്യാസ് സിലിണ്ടറിൽ ട്രെയിൻ തട്ടിയതിനെ തുടർന്ന് ട്രെയിൻ 20 മിനിറ്റോളം വൈകി.

കേടായ എല്‍പിജി സിലിണ്ടറിനൊപ്പം പെട്രോള്‍ നിറച്ച കുപ്പിയും തീപ്പെട്ടിയും ഉള്‍പ്പടെയുള്ള വസ്തുക്കൾ പൊലീസ് കണ്ടെടുത്തു. സംശയാസ്പദമായ ചില വസ്തുക്കളും ഇവിടെ നിന്ന് അന്വേഷണ ഏജൻസികൾ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടില്ല. ഭീകരവിരുദ്ധ സ്ക്വാഡ്, ആർപിഎഫ്, ഗവൺമെൻ്റ് റെയിൽവേ പൊലീസ് എന്നിവയുടെ സംഘങ്ങൾ സംഭവത്തെത്തി തെളിവുകൾ ശേഖരിച്ചു.

ട്രാക്കിൽ സിലിണ്ടർ കണ്ടതിനെ തുടർന്ന് ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ചെയ്തെങ്കിലും സിലിണ്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവം ആശങ്കാജനകമാണെന്നും ട്രെയിൻ പാളം തെറ്റിക്കാനുള്ള ശ്രമത്തിൽ ഉൾപ്പെട്ടവരെ പിടികൂടി ശിക്ഷിക്കണമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. യാത്രക്കാരുടെ സുരക്ഷയാണ് റെയിൽവേയുടെ മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാനമായ സംഭവങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അടുത്തിടെ ഉത്തർപ്രദേശിലെ കാൺപൂരിൽ ട്രാക്കിൽ മൂർച്ചയുള്ള വസ്തു സ്ഥാപിച്ചതിനെ തുടർന്ന് സബർമതി എക്സ്പ്രസ് പാളം തെറ്റിയിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ സമാനമായ സംഭവങ്ങൾ നിരവധി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സംഭവങ്ങളെല്ലാം ഭീകരവിരുദ്ധ സ്ക്വാഡിന്റെ അന്വേഷണത്തിലാണ്.

Share This Article
Leave a comment